ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയ പിവി സിന്ധുവിനെ അഭിനന്ദിച്ച് പ്രധാമന്ത്രി നരേന്ദ്ര മോദി. സിന്ധു ചാമ്പ്യന്മാരുടെ ചാമ്പ്യനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് മോദിയുടെ പ്രതികരണം.
സിന്ധു അസാധാരണ പ്രതിഭയാണ്. താരത്തിന്‍റെ സമർപ്പണവും പ്രതിബദ്ധതയും വിസ്‌മയിപ്പിക്കുന്നതാണ്. മികവ് എന്താണെന്ന് സിന്ധു ആവർത്തിച്ച് കാണിക്കുന്നു. താരത്തിന്‍റെ ഭാവിക്ക് ആശംസകൾ നേരുന്നതായും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.
ബാഡ്‌മിന്‍റണ്‍ വനിത സിംഗിള്‍സ് ഫൈനലില്‍ കാനഡയുടെ മിഷേൽ ലിയെയാണ് സിന്ധു തോല്‍പ്പിച്ചത്. ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് സിന്ധുവിന്‍റെ വിജയം. സ്‌കോര്‍: 21-15 21-13. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സിന്ധുവിന്‍റെ ആദ്യ വ്യക്തിഗത സ്വര്‍ണമാണിത്.
2014ല്‍ വെങ്കലവും 2018ല്‍ വെള്ളിയും നേടാന്‍ താരത്തിന് കഴിഞ്ഞിരുന്നു. അതേസമയം ബര്‍മിങ്‌ഹാമില്‍ തോല്‍വി അറിയാതെയാണ് സിന്ധുവിന്‍റെ സ്വർണ നേട്ടം. നേരത്തെ മിക്‌സഡ് ടീമിനൊപ്പം താരം വെള്ളി നേടിരുന്നു. ഈ ഇനത്തിന്‍റെ ഫൈനലില്‍ ഇന്ത്യ മലേഷ്യയോട് 3-1ന് തോല്‍വി വഴങ്ങിയപ്പോള്‍ സിന്ധുവിന് മാത്രമാണ് വിജയിക്കാനായത്.