ന്യൂഡല്‍ഹി: ഇന്ത്യൻ ഹോക്കി ഇതിഹാസം മേജർ ധ്യാൻ ചന്ദിന് ജന്മദിനത്തിൽ ആദരവര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ധ്യാൻ ചന്ദിന്‍റെ ജന്മദിനമായ ഓഗസ്റ്റ് 29 രാജ്യം ദേശീയ കായിക ദിനമായാണ് ആചരിക്കുന്നത്. ഈ ദിനം ആഘോഷിക്കുന്നതിനായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു.
സമീപ വർഷങ്ങളിൽ കായിക രംഗത്ത് മികച്ച പ്രകടനം നടത്താന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. ഇത് തുടരട്ടെയെന്നും, കായിക രംഗത്തിന്‍റെ പ്രീതി രാജ്യത്ത് വര്‍ധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഇന്ത്യൻ ഹോക്കിയെ ലോകത്തിന്‍റെ നെറുകയിൽ പ്രതിഷ്‌ഠിച്ച താരമാണ് മേജര്‍ ധ്യാൻ ചന്ദ്.
ഹോക്കിയില്‍ തുടർച്ചയായി മൂന്ന് ഒളിമ്പിക്‌സുകളില്‍ ഇന്ത്യയെ സ്വര്‍ണത്തിലേക്ക് നയിക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു. 1928, 1932, 1936 വര്‍ഷങ്ങളില്‍ നടന്ന ഒളിമ്പിക്‌സുകളിലാണ് ധ്യാന്‍ ചന്ദ് ഉള്‍പ്പെട്ട ഇന്ത്യന്‍ സംഘം ഹോക്കിയില്‍ ചരിത്രം രചിച്ചത്.
ഇന്ത്യൻ ഹോക്കിയുടെ സുവർണ കാലഘട്ടമായാണ് ധ്യാൻ ചന്ദിന്‍റെ കാലം കണക്കാക്കപ്പെടുന്നത്. പന്ത് നിയന്ത്രിക്കുന്നതിലും ഗോള്‍ നേടുന്നതിലുമുള്ള പ്രത്യേക കഴിവാണ് ധ്യാന്‍ ചന്ദിനെ മറ്റ് താരങ്ങളില്‍ നിന്നും വ്യത്യസ്‌തനാക്കുന്നത്. രാജ്യത്തിനായി 185 മത്സരങ്ങള്‍ കളിച്ച താരം 570 ഗോളുകളാണ് അടിച്ച് കൂട്ടിയത്. 1956ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.