ചെന്നൈ: നാല്‍പ്പത്തിനാലാമത് ചെസ് ഒളിമ്പ്യാഡിന് ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ തുടക്കം. വര്‍ണ്ണാഭമായ ചടങ്ങുകള്‍ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിശ്വചെസ് പോരാട്ടത്തിന്‍റെ ഉദ്‌ഘാടനം നിര്‍വഹിച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, രജനികാന്ത് ഉള്‍പ്പടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലാണ് ചെസ് ഒളിമ്പ്യാഡിന് തുടക്കമായത്.
ചെസ് ഓളിമ്പ്യാഡിന് തുടക്കം ചെസ് ബോര്‍ഡിന്‍റെ മാതൃകയിലുള്ള ഷാള്‍ ധരിച്ചാണ് പ്രധാനമന്ത്രി ഉദ്‌ഘാടന വേദിയിലെത്തിയത്. ബിജെപിയുടെ തമിഴ്‌നാട് ഘടകത്തിന്റെ കലാസാംസ്‌കാരിക വിഭാഗം മോദിയെ വരവേൽക്കാൻ സംഗീതവും പരമ്പരാഗത നൃത്തങ്ങളും സംഘടിപ്പിച്ചിരുന്നു. വ്യത്യസ്‌തങ്ങളായ കലാവിഷ്‌കാരങ്ങള്‍ കൊണ്ടും സമ്പന്നമായിരുന്നു ചെസ് ഒളിമ്പ്യാഡ് വേദി.
ഉദ്ഘാടന വേദിയില്‍ സജ്ജീകരിച്ച സ്‌ക്രീനില്‍ വലിയ ചെസ്സ്ബോർഡും പങ്കെടുക്കുന്ന രാജ്യങ്ങളുടെ പതാകകളും വര്‍ണ്ണപ്രഭമായ പ്രകാശത്തിന്റെ സഹായത്തില്‍ പ്രദര്‍ശിപ്പിച്ചു. പിന്നാലെ "വണക്കം ചെന്നൈ, വണക്കം ചെസ്സ്" എന്ന പ്രത്യേക നൃത്ത-ഗാനം അവതരിപ്പിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളെ വലിയ കരഘോഷത്തോടെയാണ് ചെന്നൈ വരവേറ്റത്.
ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിന്റെ എട്ട് രൂപങ്ങളായ കഥക്, ഒഡിസി, കുച്ചുപ്പുടി, കഥകളി, മോഹിനിയാട്ടം, മണിപ്പൂരി, സത്രിയ, ഭരതനാട്യം ചടങ്ങിന് ദൃശഭംഗിയേകി. ചെന്നൈ ആസ്ഥാനമായുള്ള സംഗീതജ്ഞൻ ലിഡിയൻ നാദസ്വരത്തിന്റെ സംഗീത വിരുന്നിലും ഉദ്ഘാടനത്തിന് മാറ്റ് കൂട്ടി. മത്സരാര്‍ഥികള്‍ ഉദ്‌ഘാടന വേദിയില്‍ ലോക ചെസ് ഫെഡറേഷന്‍റെ ഗാനം ആലപിച്ച് പ്രതിജ്ഞയെടുത്തതോടെ ആഗസ്‌റ്റ് 10 വരെ നീണ്ട് നില്‍ക്കുന്ന ചെസ് ഒളിമ്പ്യാഡിന് തുടക്കമായി.