ന്യൂഡല്‍ഹി:ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്‌സില്‍ (World Athletics Championships) പുതിയ ഏഷ്യൻ റെക്കോഡ് തീര്‍ത്ത് ഫൈനലിലെത്തിയ ഇന്ത്യന്‍ പുരുഷ റിലേ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi congratulated Indian men's relay team). അവിശ്വസനീയമായ ടീം വര്‍ക്കാണിത്. ഇന്ത്യൻ അത്‌ലറ്റിക്‌സിനെ സംബന്ധിച്ച് ശരിക്കും ചരിത്രപരമായ നിമിഷമാണിതെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
"ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലെ അവിശ്വസനീയമായ ടീം വർക്ക്. അനസ്, അമോജ്, രാജേഷ് രമേഷ്, മുഹമ്മദ് അജ്‌മൽ എന്നിവർ ഫൈനലിലേക്ക് കുതിച്ചെത്തി. പുരുഷന്മാരുടെ 4X400 മീറ്റർ റിലേയിൽ ഒരു പുതിയ ഏഷ്യൻ റെക്കോഡാണ് അവര്‍ സ്ഥാപിച്ചിരിക്കുന്നത്. ഇത് ഒരു വിജയകരമായ തിരിച്ചുവരവായി എക്കാലവും ഓർമിക്കപ്പെടും. ഇന്ത്യൻ അത്‌ലറ്റിക്‌സിന് ചരിത്രപരമായ നിമിഷമാണത്", നരേന്ദ്ര മോദി ട്വീറ്റ് ചെയ്‌തു.
മലയാളികള്‍ക്ക് പ്രത്യേക സന്തോഷം: ജപ്പാന്‍ താരങ്ങള്‍ സ്ഥാപിച്ച ഏഷ്യന്‍ റെക്കോഡാണ് ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്സ് 4x400 മീറ്റർ റിലേയില്‍ ഇന്ത്യന്‍ ടീം തകര്‍ത്തത്. സെമി ഫൈനല്‍ മത്സരത്തില്‍ 2 മിനിട്ട് 59.05 സെക്കന്‍ഡിലായിരുന്നു ടീം ഇന്ത്യ ഫിനിഷ് ചെയ്‌തത്. ഇതോടെ കഴിഞ്ഞ വര്‍ഷം ഒറിഗണില്‍ 2 മിനിട്ട് 59.51 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്‌ത ജപ്പാന്‍റെ ഏഷ്യന്‍ റെക്കോഡ് ആണ് പഴങ്കഥയായത്.
മലയാളികളായ മുഹമ്മദ് അജ്‌മൽ (Muhammed Ajmal), അമോജ് ജേക്കബ് (Amoj Jacob), മുഹമ്മദ് അനസ് (Muhammed Anas), തമിഴ്‌നാട് സ്വദേശി രാജേഷ് രമേഷ് എന്നിവരാണ് സെമി ഫൈനലില്‍ ഇന്ത്യയ്‌ക്കായി ട്രാക്കില്‍ ഇറങ്ങിയിരുന്നത്. കൂടാതെ മലയാളിയായ മിജോ ചാക്കോ കുര്യൻ (Mijo Chacko Kurian), തമിഴ്‌നാട്ടുകാരനായ അനിൽ രാജലിംഗം എന്നിവരും ടീമിന്‍റെ ഭാഗമാണ്.