തിരുവനന്തപുരം: പുള്ളാവൂരിലെ കട്ടൗട്ട് യുദ്ധം കേരളവും, ഇന്ത്യയും കടന്ന് ആഗോളതലത്തിൽ തന്നെ വൈറലായി മാറിയിരിക്കുകയാണ്. ഫിഫ തന്നെ നേരിട്ട് കേരളത്തിന്‍റെ ഫുട്‌ബോൾ ആവേശത്തെ ട്വിറ്ററിലൂടെ ലോകത്തോട് വിളിച്ചു പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഇപ്പോൾ പുള്ളാവൂരിലെ കട്ടൗട്ടിന്‍റെ ചിത്രം ട്വിറ്ററിൽ പങ്കുവച്ച ഫിഫയ്‌ക്ക് നന്ദി അറിയിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.
'കേരളവും മലയാളികളും എന്നും ഫുട്ബോള്‍ ഇഷ്‌ടപ്പെടുന്നവരാണ്. ഖത്തര്‍ ലോകകപ്പിന്‍റെ ആവേശം കേരളത്തിന്‍റെ എല്ലാ മുക്കിലും മൂലയിലും കാണാം. താരതമ്യങ്ങളില്ലാത്ത കേരളത്തിന്‍റെ ഫുട്ബോള്‍ ആവേശത്തെ അംഗീകരിച്ച ഫിഫയ്ക്ക് നന്ദി', ഫിഫയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്‌തുകൊണ്ട് മുഖ്യമന്ത്രി കുറിച്ചു.
ഇന്ന് വൈകുന്നേരമാണ് കേരളത്തിന്‍റെ ഫുട്‌ബോൾ ആവേശത്തിൽ അമ്പരന്ന് പുള്ളാവൂരിലെ കട്ടൗട്ടുകളുടെ ചിത്രം ഫിഫ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്‌തത്. 'ഫിഫ ലോകകപ്പ് ചൂട് കേരളത്തിലും, നെയ്‌മറിന്‍റെയും, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും, ലയണൽ മെസിയുടെയും കൂറ്റൻ കട്ടൗട്ടുകൾ ടൂർണമെന്‍റിന് മുന്നോടിയായി പുഴയിൽ ഉയർന്നപ്പോൾ. ലോകകപ്പിന് ഇനി 12 നാളുകൾ കൂടി' - എന്ന കുറിപ്പോടെയാണ് ഫിഫ കട്ടൗട്ടിന്‍റെ ചിത്രങ്ങൾ പങ്കുവച്ചത്.