ലണ്ടൻ: ഖത്തർ ലോകകപ്പിനൊരുങ്ങുന്ന ബ്രസീലിന് കനത്ത തിരിച്ചടി. തുടയ്‌ക്ക് പരിക്കേറ്റ ആസ്റ്റൺ വില്ല താരം 'ലിറ്റിൽ മജീഷ്യൻ' ഫിലിപ്പെ കുട്ടീഞ്ഞോയ്ക്ക് അടുത്ത രണ്ട് മത്സരങ്ങളിൽ കളിക്കാനാകില്ല. ആറ് ആഴ്‌ചയോളം താരത്തിന് വിശ്രമം വേണ്ടി വരുമെന്നും ബ്രസീലിയൻ ടീമിലെ സ്ഥാനവും അവതാളത്തിലാണെന്നും വില്ല പരിശീലകൻ ഉനെയ് എമെറി പറഞ്ഞു. ലീഗ് കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, പ്രീമിയര്‍ ലീഗില്‍ ബ്രൈറ്റണെതിരെയുമാണ് ആസ്റ്റൺ വില്ലയുടെ മത്സരങ്ങൾ.
ലോകകപ്പിനുള്ള 26 അംഗ ബ്രസീൽ ടീമിനെ ദേശീയ പരിശീലകൻ ടിറ്റെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ കുട്ടീഞ്ഞോക്ക് ടീമിൽ സ്ഥാനം ലഭിക്കാനുള്ള സാധ്യത വിരളമാണ്. കഴിഞ്ഞ സീസണിൽ ലോണിൽ കളിച്ച 30-കാരനായ താരം ഈ സമ്മർ ട്രാൻസ്‌ഫറിലാണ് ബാഴ്‌സലോണ വിട്ട് ആസ്റ്റൺ വില്ലയിലേക്ക് ചേക്കേറിയത്.
ഈ സീസണിൽ ആസ്റ്റൺ വില്ലക്കായി 12 ലീഗ് മത്സരങ്ങളിൽ കളത്തിലിറങ്ങിയ കുട്ടീഞ്ഞോക്ക് ഗോളോ അസിസ്റ്റോ സ്വന്തമാക്കാനായിട്ടില്ലെന്നതും താരത്തിന് ടിറ്റെയുടെ ടീമിൽ ഇടം ലഭിക്കുന്നതിന് തടസമാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. 2010 ൽ ബ്രസീലിനായി അരങ്ങേറ്റം കുറിച്ച കുട്ടീഞ്ഞോ 68 മത്സരങ്ങളിൽ ടീമിനായി കളത്തിലിറങ്ങിയിട്ടുണ്ട്. 21 ഗോളുകളാണ് താരം നേടിയിട്ടുള്ളത്.
പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ 3-1 ന് തോൽപ്പിച്ച മത്സരത്തിൽ കുട്ടീഞ്ഞോ ആസ്റ്റൺ വില്ല ടീമിൽ ഇടം നേടിയിരുന്നില്ല. മത്സരത്തിൽ ലിയോൺ ബെയ്‌ലി, ലൂക്കാസ് ഡിഗ്‌നെ, ജേക്കബ് റാംസെ എന്നിവരുടെ ഗോളുകളാണ് ആസ്റ്റൺ വില്ലക്ക് ജയമൊരുക്കിയത്. മുൻ പരിശീലകൻ സ്റ്റീവൻ ജെറാർഡ് ടീം വിട്ടതിന് പിന്നാലെ ചുമതലയേറ്റെടുത്ത ഉനെയ് എമെറിക്ക് പ്രീമിയർ ലീഗിലേക്കുള്ള തിരിച്ചുവരവ് ജയത്തോടെ തുടങ്ങാനായി.