ഇസ്‌താംബൂൾ :അറ്റാതുർക് ഒളിമ്പിക് സ്റ്റേഡിയത്തിൽ ഇന്‍റർ മിലാനെതിരായ കലാശപ്പോരാട്ടത്തിന്‍റെ 68-ാം മിനിറ്റിൽ റോഡ്രിയുടെ ബൂട്ടിൽ നിന്ന് പിറന്ന ഗോൾ പെപ് ഗ്വാർഡിയോള എന്ന മാന്ത്രിക പരിശീലകനെ അതുല്യനാക്കി. രണ്ട് വ്യത്യസ്‌ത ക്ലബ്ബുകൾക്കൊപ്പം ട്രിപ്പിൾ കിരീടം നേടുന്ന ആദ്യ പരിശീലകൻ എന്ന നാഴികക്കല്ലാണ് പിന്നിട്ടത്. 2008-09 സീസണിൽ ബാഴ്‌സലോണയ്‌ക്കൊപ്പം ലാലിഗ, കോപ്പ ഡെൽ റെ കിരീടങ്ങൾ സ്വന്തമാക്കിയ പെപ് ഗ്വാർഡിയോള ഇപ്പോഴിതാ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പവും ഈ നേട്ടം ആവർത്തിച്ചിരിക്കുകയാണ്.
മാഞ്ചസ്റ്റർ സിറ്റിയെ ചരിത്രത്തിലെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് കൈപിടിച്ചുയർത്തിയപ്പോൾ പ്രീമിയർ ലീഗും എഫ്എ കപ്പും നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. 129 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ആദ്യ യൂറോപ്യൻ കിരീടനേട്ടമെന്നതും മാറ്റുകൂട്ടുന്നു. പ്രീമിയർ ലീഗിൽ നിന്ന് ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ ടീം മാത്രമാണ് സിറ്റി. 1998-99 സീസണിൽ ചിരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡ് മാത്രമാണ് മുമ്പ് ഈ നേട്ടത്തിലെത്തിയിട്ടുള്ളത്. ഇതിഹാസ പരിശീലകൻ സർ അലക്‌സ് ഫെർഗൂസന് കീഴിൽ പ്രീമിയർ ലീഗും എഫ്എ കപ്പും ചാമ്പ്യൻസ് ലീഗുമാണ് ഓൾഡ് ട്രാഫോഡിലെത്തിച്ചത്.
അതോടാപ്പം തന്നെ രണ്ട് വ്യത്യസ്‌ത ക്ലബ്ബുകളുടെ പരിശീലകനായി ചാമ്പ്യൻസ് ലീഗ് കിരീടമുയർത്തുന്ന ആറാമത്തെ മനേജരുമാണ് പെപ് ഗ്വാർഡിയോള. ജോസെ മൗറിന്യോ (പോർട്ടോ, ഇന്‍റർ മിലാൻ), ജുപ് ഹെയ്‌ങ്കസ് (ബയേൺ മ്യൂണിക്, റയൽ മാഡ്രിഡ്), കാർലോ ആൻസലോട്ടി (എസി മിലാൻ, റയൽ മാഡ്രിഡ്), ഏണസ്റ്റ് ഹാപ്പൽ (ഹാംബർഗ്, ഫെയ്‌നൂർഡ്), ഒട്ട്‌മാർ ഹിറ്റ്‌സ്‌ഫീൽഡ് (ബയേൺ മ്യൂണിക്, ബൊറൂസിയ ഡോർട്‌മുണ്ട്) എന്നിവരാണ് മറ്റ് പരിശീലകർ.