മാഞ്ചസ്റ്റർ : പ്രീമിയർ ലീഗിൽ ഇന്നലെ വെസ്റ്റ് ഹാമിനെതിരെ സമനില വഴങ്ങിയതോടെ മാഞ്ചസ്റ്റർ സിറ്റിയുടെ കിരീടപ്പോരാട്ടം അവസാന മത്സരത്തിലേക്ക് നീണ്ടു. അവസാന ദിവസം സിറ്റിയുടെ മൈതാനമായ ഇത്തിഹാദിൽ ആസ്റ്റൺ വില്ലയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ. വില്ലയ്‌ക്കെതിരായ മത്സരത്തിൽ ജീവൻ കൊടുത്തും കിരീടം നിലനിർത്താനായി ടീം പോരാടുമെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള പറഞ്ഞു.
അവസാന മത്സരത്തിൽ കിരീടം പിടിക്കും, ആസ്റ്റൺ വില്ലയ്‌ക്കെതിരെ ജീവൻ കൊടുത്തും പോരാടും : ഗ്വാർഡിയോള
വെസ്റ്റ് ഹാമിനെ തോൽപ്പിച്ചിരുന്നെങ്കിൽ അടുത്ത വാരാന്ത്യത്തിൽ ആസ്റ്റൺ വില്ലയ്‌ക്കെതിരെ ഒരു പോയിന്‍റ് മാത്രം നേടിയാൽ തന്നെ സിറ്റിക്ക് പ്രീമിയർ ലീഗ് കിരീടം നിലനിർത്താമായിരുന്നു
'വെസ്റ്റ് ഹാമുമായുള്ള കളിയോടെ ഗോൾ വ്യത്യാസത്തെക്കുറിച്ചുള്ള ചർച്ചകൾ അവസാനിച്ചു, ഇനി ഞങ്ങൾ അവസാന മത്സരത്തിൽ ജയിച്ചാൽ മതി, ഞങ്ങൾ ചാമ്പ്യന്മാരാകും.' ഗ്വാർഡിയോള പറഞ്ഞു. 'ഞങ്ങളുടെ സ്റ്റേഡിയം അവസാന ദിവസം ഹൗസ്‌ഫുള്ളായിരിക്കും, കിരീടം നേടാൻ ഞങ്ങൾ ജീവൻ വരെ നൽകും. കളി ജയിച്ച് ചാമ്പ്യന്മാരാകാനുള്ള അവിശ്വസനീയമായ അവസരമാണിത്. ഞാൻ അതിനായി കാത്തിരിക്കുകയാണ്” - പെപ് പറയുന്നു.
"ഞങ്ങൾക്ക് മത്സരങ്ങൾ ജയിക്കാനും കിരീടം നേടാനുമുള്ള ആഗ്രഹവും അതിനായുള്ള പ്രയത്നവുമുണ്ട്. വോൾവ്‌സിനെതിരെയും വെസ്റ്റ് ഹാമിനെതിരെയും ഞങ്ങൾ അത് തെളിയിച്ചു” - പെപ് കൂട്ടിച്ചേര്‍ത്തു.