ലണ്ടൻ : 'പെങ് ഷുവായി (Peng Shuai) എവിടെ' എന്ന ചോദ്യം പതിപ്പിച്ച ടീ-ഷർട്ട് ധരിച്ച് വിംബിൾഡൺ വേദിയിലെത്തിയ നാല് ആക്‌ടിവിസ്‌റ്റുകളെ തടഞ്ഞ് സംഘാടകർ. സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് തങ്ങളെ അധികൃതർ തടഞ്ഞുനിർത്തി ചോദ്യം ചെയ്‌തുവെന്ന് ഇവര്‍ വ്യക്തമാക്കിയത്. മുൻ ചൈനീസ് ഉപപ്രധാനമന്ത്രി സാങ് ഗാവൊലി (Zhang Gaoli) ക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ടെന്നിസ് താരത്തെ പൊടുന്നനെ കാണാതായത്.
ഫ്രീ ടിബറ്റ് മനുഷ്യാവകാശ സംഘടനയെ പ്രതിനിധീകരിച്ച് നാല് പേരടങ്ങുന്ന ഒരു സംഘമാണ് വിംബിൾഡൺ വേദിയിലെത്തിയത്. ജാസൺ ലെയ്‌ത്ത്, വിൽ ഹോയ്‌ലെസ്, കാലെബ് കോംപ്‌ടൺ എന്നിവരാണ് പ്രസ്‌തുത ചോദ്യമുയര്‍ത്തുന്ന ടീ-ഷർട്ട് ധരിച്ചുവന്നത്. 'ഞങ്ങൾ പെങ് ഷുവായിയുടെ തിരോധാനത്തിനെതിരെ ബോധവത്കരണത്തിന് ശ്രമിച്ചു.
എന്നാൽ വിംബിൾഡൺ അധികൃതര്‍ ഞങ്ങളുടെ പ്രവൃത്തിയെ മോശമാക്കി ചിത്രീകരിക്കാനാണ് ശ്രമിച്ചത്. ഞങ്ങൾ ആളുകളോട് സംസാരിക്കുകയാണെന്ന് പറഞ്ഞപ്പോൾ പാടില്ലെന്നും വിംബിൾഡൺ രാഷ്‌ട്രീയമായി നിഷ്‌പക്ഷത പാലിക്കാൻ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു അവരുടെ വാദം. ഇത് വിംബിൾഡൺ ആണ്, അവൾ ഒരു മുൻ വിംബിൾഡൺ ജേതാവാണ്. ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാനും ആ ചർച്ച വീണ്ടും കൊണ്ടുവരാനും ഇതിലും നല്ല വേദി വേറേയില്ല' - ജേസൺ ലീത്ത് പറഞ്ഞു.