കൊൽക്കത്ത: ഫ്രഞ്ച് മധ്യനിര താരം പോൾ പോഗ്‌ബയുടെ സഹോദരൻ ഫ്ലോറന്‍റീൻ പോഗ്ബ ഇന്ത്യൻ സൂപ്പർ ലീഗിൽ പന്ത് തട്ടും. ഐ.എസ്.എല്ലിലെ വമ്പന്മാരായ എ.ടി.കെ മോഹൻ ബഗാനാണ് താരത്തെ ടീമില്‍ എത്തിച്ചത്. ഫ്രാൻസിലെ സെക്കൻഡ് ഡിവിഷൻ ക്ലബായ എഫ്‌സി സൊഷൂക്‌സിൽ നിന്നാണ് ഫ്ലോറന്‍റീൻ പോഗ്‌ബയെ എ.ടി.കെ മോഹൻ ബഗാൻ സ്വന്തമാക്കിയത്.
31-കാരനായ പ്രതിരോധ താരത്തെ രണ്ട് വർഷത്തെ കരാറിലാണ് എ.ടി.കെ കൊൽക്കത്തയില്‍ എത്തിക്കുന്നത്. പോഗ്‌ബ ഫ്രാൻസ് ദേശീയ ടീമിന് വേണ്ടി കളിച്ച് ലോകകപ്പ് നേടിയിട്ടുള്ള താരമാണ്. എന്നാൽ ഫ്ലോറന്‍റീനും, മറ്റൊരു സഹോദരനായ മാത്തിയാസും ഗിനിയ ദേശീയ ടീമിന് വേണ്ടിയാണ് കളിക്കുന്നത്. 2010-ൽ ഗിനിയക്കായി അരങ്ങേറിയ ഫ്ലോറന്‍റീൻ 30 മത്സരങ്ങൾ ദേശീയ ടീമിനായി കളിച്ചിട്ടുണ്ട്.
സെപ്‌റ്റംബറിൽ നടക്കാനിരിക്കുന്ന എ.എഫ്.സി കപ്പ് സെമി ഫൈനലിന് മുന്നോടിയായി ടീമിനെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ഫ്ലോറന്‍റീൻ പോഗ്‌ബയെ എ.ടി.കെ ടീമില്‍ എത്തിച്ചത്. ഗ്രൂപ്പ് മത്സരങ്ങളിൽ സ്‌പാനിഷ് പ്രതിരോധ താരമായ തിരി പരിക്ക് പറ്റി പുറത്തു പോയതും മറ്റൊരു പ്രതിരോധതാരത്തെ സ്വന്തമാക്കുന്നതിന് വേഗത കൂട്ടി.