ടൂറിന്‍: ഇറ്റാലിയൻ ക്ലബ് യുവന്‍റസിന്‍റെ പുതിയ സൈനിങ്ങായ പോള്‍ പോഗ്‌ബ മുന്‍ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ ജേഴ്‌സിയിൽ ഒപ്പിടാൻ വിസമ്മതിച്ചു. മെഡിക്കൽ പൂർത്തിയാക്കുന്നതിനായി ടൂറിനില്‍ എത്തിയപ്പോഴാണ് സംഭവം നടന്നത്.
പ്രീമിയര്‍ ലീഗ് ക്ലബുമായുള്ള ആറ് വര്‍ഷത്തെ ബന്ധം ഉപേക്ഷിച്ചെത്തിയ ഫ്രഞ്ച് താരത്തെ സ്വീകരിക്കാന്‍ നിരവധി ആരാധകര്‍ എത്തിയിരുന്നു. ഓട്ടോഗ്രാഫിനായി സമീപിച്ച ആരാധകരുടെ അടുത്തേക്ക് ചെന്ന പോഗ്‌ബ യുവന്‍റസിന്‍റെ ജേഴ്‌സിയില്‍ ഒപ്പിട്ട് നല്‍കി. ഇതിനിടയില്‍ ഒരു ആരാധകന്‍ നീട്ടിയ യുണൈറ്റഡ് ജേഴ്‌സിയിലാണ് താരം ഒപ്പിടാതിരുന്നത്.
യുണൈറ്റഡിന്‍റെ ജേഴ്‌സിയില്‍ ഒപ്പ് വെക്കാനാവില്ലെന്ന് പോഗ്‌ബ വിരലുകൾ കൊണ്ട് ആംഗ്യം കാണിക്കുകയും ചെയ്‌തു. സംഭവത്തിന്‍റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. താരത്തിന്‍റെ പ്രവര്‍ത്തി പ്രീമിയർ ലീഗ് ക്ലബിനോടുള്ള സമീപനം വ്യക്തമാക്കുന്നതാണ് എന്നാണ് ഉയര്‍ന്ന് കേള്‍ക്കുന്ന സംസാരം.
2016ല്‍ അന്നത്തെ ലോക റെക്കോഡ് തുകയായ 89 മില്യൺ യൂറോയ്‌ക്കാണ് പോഗ്‌ബയെ യുവന്‍റസില്‍ നിന്നും യുണൈറ്റഡ് തിരിച്ചെത്തിച്ചത്. എന്നാല്‍ ക്ലബിനൊപ്പം സമ്മിശ്രമായ പ്രകടനമാണ് പോഗ്‌ബ നടത്തിയത്. കഴിഞ്ഞ സീസണില്‍ യുണൈറ്റഡിനായി 27 മത്സരങ്ങളിലാണ് താരം ബൂട്ട് കെട്ടിയത്.
അതേസമയം കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു യുണൈറ്റഡ് കുപ്പായത്തില്‍ താരത്തിന്‍റെ അവസാന മത്സരം നടന്നത്. വേതനവുമായി ബന്ധപ്പെട്ട് ധാരണയിൽ എത്താത്തതിനെ തുടർന്നാണ് യുണൈറ്റഡുമായി കരാർ പുതുക്കുന്നില്ലെന്ന് പോഗ്‌ബ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.