കറാച്ചി: സാഫ് വനിത ചാമ്പ്യൻഷിപ്പിൽ പാകിസ്ഥാൻ വനിത ദേശീയ ഫുട്ബോൾ ടീം മാലിദ്വീപിനെ ഏഴ് ഗോളുകൾക്ക് പരാജയപ്പെടുത്തിയത് വലിയ വാർത്തയായിരുന്നു. എട്ട് വർഷങ്ങൾക്ക് ശേഷമാണ് പാകിസ്ഥാൻ വനിത ഫുട്‌ബോൾ ടീം ഒരു മത്സരത്തിൽ വിജയം സ്വന്തമാക്കുന്നത്. ഏഴ് ഗോളുകളിൽ നാലെണ്ണം നേടിയ ബ്രിട്ടീഷ്-പാകിസ്ഥാൻ ഫുട്‌ബോൾ താരം നാദിയ ഖാനെ തേടി നിരവധി പേരുടെ പ്രശംസ എത്തിയിരുന്നു.
എന്നാൽ മത്സരത്തിന് ശേഷം നടന്ന പാകിസ്ഥാൻ താരങ്ങളുടെ പത്രസമ്മേളനത്തിൽ ഒരു റിപ്പോർട്ടറുടെ ചോദ്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇസ്ലാമിക് രാജ്യമായ പാകിസ്ഥാനിലെ പെൺകുട്ടികൾ മത്സരത്തിൽ ലെഗ്ഗിൻസ് ധരിക്കാതെ എന്തുകൊണ്ടാണ് ഷോർട്‌സ് ധരിക്കുന്നത് എന്നതായിരുന്നു ടീം കോച്ച് അദീൽ റിസ്‌കിയോടുള്ള റിപ്പോർട്ടറുടെ ചോദ്യം.
സാമൂഹികവും മതപരവുമായ മൂല്യങ്ങൾ സൂക്ഷിക്കുന്ന ഒരു രാജ്യമായ പാകിസ്ഥാനെയാണ് അവർ പ്രതിനിധീകരിക്കുന്നത്. എന്നാൽ കായികമേഖലയിൽ ഒരാൾ പുരോഗമനപരമായിരിക്കണം എന്ന് കോച്ച് അദീൽ മറുപടി നൽകി. യൂണിഫോമിന്‍റെ പേരിൽ ആരെയും തടയാൻ ശ്രമിച്ചിട്ടില്ലെന്നും അത് തങ്ങൾ നിയന്ത്രിക്കാത്ത കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ റിപ്പോർട്ടറുടെ ചോദ്യത്തിലെ ഔചിത്യമില്ലായ്‌മയെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ നിരവധി പേരാണ് കമന്‍റുകളുമായെത്തിയത്. സ്ത്രീകൾ എത്രത്തോളം നേട്ടങ്ങൾ സ്വന്തമാക്കിയാലും ചിലർക്ക് അവരുടെ വസ്ത്രധാരണത്തിൽ മാത്രമായിരിക്കും ശ്രദ്ധ എന്ന് പലരും വിമർശിച്ചു. ടിവി അവതാരകനും ആർജെയുമായ അനൗഷെ അഷ്‌റഫ്, സ്ക്വാഷ് താരം നൂറേന ഷംസ് തുടങ്ങി നിരവധി പേർ ഫുട്‌ബോൾ താരങ്ങൾക്ക് ശക്തമായ പിന്തുണയുമായി രംഗത്തെത്തി. റിപ്പോർട്ടറുടെ പിന്തിരിപ്പൻ ചിന്താഗതിയെ പലരും കുറ്റപ്പെടുത്തുകയും സ്ത്രീകളെ ഷോർട്‌സ് ധരിച്ച് കാണുന്നതിൽ ബുദ്ധിമുട്ടുണ്ടെങ്കിൽ അദ്ദേഹം മത്സരം റിപ്പോർട്ട് ചെയ്യേണ്ടതില്ല എന്ന് പറയുകയും ചെയ്‌തു.
അടുത്തിടെയാണ് ഫിഫ തങ്ങളുടെ ടീമുകളെ അന്താരാഷ്ട്ര, പ്രാദേശിക മത്സരങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കുകയും പാകിസ്ഥാനിൽ ഫുട്ബോൾ മത്സരങ്ങൾ പുനരാരംഭിക്കുകയും ചെയ്‌തത്. നീണ്ട ഇടവേളയ്ക്ക് ശേഷം പങ്കെടുത്ത മത്സരങ്ങളിൽ ആദ്യവിജയം സ്വന്തമാക്കുമ്പോഴും താരങ്ങളുടെ വസ്ത്രത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ അന്താരാഷ്‌ട്ര തലത്തിലും പ്രതിഷേധം ഉയരുകയാണ്.