ന്യൂഡല്‍ഹി : സൗത്ത് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ കപ്പ് (സാഫ് കപ്പ്) ടൂര്‍ണമെന്‍റിലെ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം നിശ്ചയിച്ച സമയത്ത് തന്നെ നടക്കും. പാകിസ്ഥാന്‍ ഫുട്‌ബോള്‍ ടീം ഇന്ത്യയില്‍ എത്തുന്നത് സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ അവസാനിച്ചതോടെയാണ് ഇക്കാര്യം ഉറപ്പായത്. നാളെ ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലാണ് മത്സരം ഷെഡ്യൂള്‍ ചെയ്‌തിരിക്കുന്നത്.
വിസ പ്രോസസ്സ് ചെയ്യുന്നതിലെ കാലതാമസത്തെത്തുടർന്ന് പാകിസ്ഥാന്‍ ടീമിന്‍റെ ഇന്ത്യയിലേക്കുള്ള വരവ് അനിശ്ചിതത്വത്തിലാക്കിയിരുന്നു. എന്നാൽ തിങ്കളാഴ്ച രാത്രിയോടെ തന്നെ എല്ലാ അപേക്ഷകളും ഇന്ത്യന്‍ എംബസി തീര്‍പ്പാക്കി. ചതുര്‍രാഷ്‌ട്ര ടൂര്‍ണമെന്‍റിനായി മൗറീഷ്യസിലായിരുന്ന പാകിസ്ഥാന്‍ അവിടെ നിന്നാണ് ഇന്ത്യയിലേക്ക് വരുന്നത്.
വാരാന്ത്യത്തില്‍ ഇന്ത്യൻ എംബസി അടച്ചതാണ് പാകിസ്ഥാൻ ടീമിന്‍റെ വിസ പ്രോസസിങ്ങില്‍ കാലതാമസവും മൗറീഷ്യസിൽ നിന്നുള്ള പുറപ്പെടൽ വൈകിയതിനും പിന്നിലെ കാരണം. ദേശീയ സ്‌പോര്‍ട്‌സ് ബോര്‍ഡില്‍ നിന്ന് ഏറെ വൈകിയാണ് ഇന്ത്യയില്‍ കളിക്കാനുള്ള എന്‍ഒസി പാകിസ്ഥാന്‍ ഫുട്‌ബോള്‍ ഫെഡറേഷന് ലഭിച്ചത്. ഇതോടെ ഇന്ത്യന്‍ വിസയ്‌ക്കായുള്ള പാകിസ്ഥാന്‍ ടീമിന്‍റെ അപേക്ഷയും ഏറെ വൈകിയിരുന്നു.
"പാകിസ്ഥാൻ ഫുട്‌ബോള്‍ ടീം ഇന്ന് വൈകുന്നേരത്തോടെയോ അല്ലെങ്കില്‍ രാത്രിയോടെയോ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷെഡ്യൂൾ പ്രകാരം ബുധനാഴ്ച വൈകീട്ട് 7.30-ന് ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ മത്സരം നടക്കും. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്". കർണാടക സ്റ്റേറ്റ് ഫുട്ബോൾ അസോസിയേഷൻ (കെഎസ്എഫ്എ) ഉദ്യോഗസ്ഥൻ വാര്‍ത്ത ഏജന്‍സിയോട് പ്രതികരിച്ചു.
ബെംഗളൂരുവിൽ ജൂൺ 21 മുതൽ ജൂലൈ 4 വരെയാണ് സാഫ് കപ്പ് നടക്കുന്നത്. 14-ാം പതിപ്പാണ് ഇത്തവണ അരങ്ങേറുന്നത്. ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പടെ എട്ട് ടീമുകളാണ് ടൂര്‍ണമെന്‍റിന്‍റെ ഭാഗമാവുന്നത്. എട്ട് ടീമുകളെ രണ്ട് ഗ്രൂപ്പുകളാക്കി റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് ആദ്യ ഘട്ട മത്സരങ്ങള്‍ നടക്കുക.