ലണ്ടന്‍:സോഷ്യല്‍ മീഡിയ വഴി ഫുട്‌ബോള്‍ താരങ്ങളെ മെസേജ് അയച്ച് ശല്യപ്പെടുത്തിയതിന് 'ഡെവിൾ ബേബി' എന്ന് വിളിപ്പേരുള്ള ഇൻസ്റ്റാഗ്രാം ഇന്‍ഫ്ലുവന്‍സര്‍ക്ക് തടവ് ശിക്ഷയും പിഴയും വിധിച്ച് കോടതി. ഓർല സ്‌ലോണ്‍ എന്ന 22-കാരിക്കാണ് വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചതെന്നാണ് വിവിധ അന്തരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ചെൽസിയുടെ യുവതാരങ്ങളായ മേസൺ മൗണ്ട്, ബെൻ ചിൽവെല്‍, മുന്‍ താരം ബില്ലി ഗിൽമോര്‍ എന്നിവരെയാണ് ഓർല സ്‌ലോണ്‍ സോഷ്യല്‍ മീഡിയ വഴി ശല്യപ്പെടുത്തിയത്.
12 ആഴ്ചത്തെ ജയിൽ ശിക്ഷയും 1,100 യൂറോ പിഴയുമാണ് ഓർല സ്‌ലോണിന് കോടതി വിധിച്ചിരിക്കുന്നത്. ഇതില്‍ 500 യൂറോ മേസൺ മൗണ്ടിനും 300 യൂറോ വീതം ബെൻ ചിൽവെല്‍, ബില്ലി ഗിൽമോര്‍ എന്നിവര്‍ക്കും നല്‍കാനുമാണ് കോടതി വിധി. കൂടാതെ താരങ്ങളുമായി ബന്ധപ്പെടുന്നതിനും മോഡലായ ഓർല സ്‌ലോണിന് കര്‍ശന വിലക്കുണ്ട്.
കഴിഞ്ഞ ആറ് മാസത്തോളം ഓർല സ്‌ലോണ്‍ 24-കാരനായ മേസൺ മൗണ്ടുമായി ബന്ധം പുലർത്തിയിരുന്നു. തുടര്‍ന്ന് 26-കാരനായ ബെൻ ചിൽവെല്ലിനേയും 21-കാരനായ ബില്ലി ഗിൽമോറിനേയും സോഷ്യല്‍ മീഡിയയില്‍ പിന്തുടര്‍ന്ന ഡെവിൾ ബേബി താരങ്ങളെയും നിരന്തരം ശല്യപ്പെടുത്തുകയായിരുന്നു. കളിക്കാരുമായി ആശയവിനിമയം നിലനിർത്തുന്നതിനായി 21 തവണ ഓർല സ്‌ലോണ്‍ തന്‍റെ ഫോണ്‍ നമ്പര്‍ മാറ്റിയെന്നാണ് റിപ്പോര്‍ട്ട്.
പരാതിയെക്കുറിച്ച് ചെല്‍സി താരങ്ങളുടെ പ്രോസിക്യൂട്ടർ ജാസൺ സീതൽ പറയുന്നതിങ്ങനെ.."മേസൺ മൗണ്ടും ഓർല സ്‌ലോണും ആറ് മാസത്തോളം ആശയവിനിമയം ഉണ്ടായിരുന്നു. തുടർന്ന് ആ ബന്ധം അവസാനിപ്പിക്കാന്‍ മിസ്റ്റർ മൗണ്ട് തീരുമാനിച്ചു. എന്നാല്‍ ഇതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ മെസേജുകളുടെ ആക്രമണമാണ് അദ്ദേഹത്തിന് നേരെ ഉണ്ടായത്" പ്രോസിക്യൂട്ടർ പറഞ്ഞു.