റോം : കൊവിഡ് വാക്‌സിന്‍ എടുത്തില്ലെങ്കിലും നൊവാക് ജോക്കോവിച്ചിന് റോമിൽ വന്ന് ഇറ്റാലിയൻ ഓപ്പണിൽ കളിക്കാമെന്ന് ഇറ്റാലിയൻ ടെന്നീസ് ഫെഡറേഷൻ പ്രസിഡന്‍റ്. മെയ് 8 മുതല്‍ 15 വരെ നടക്കാനിരിക്കുന്ന ടൂർണമെന്‍റിന്‍റെ അവതരണത്തിലാണ് ഫെഡറേഷൻ പ്രസിഡന്‍റ് ആഞ്ചലോ ബിനാഗി ഇക്കാര്യം പറഞ്ഞത്.
കളിക്കാരുടെ പങ്കാളിത്തം സംബന്ധിച്ച നിയമങ്ങൾ സർക്കാരും എടിപിയും സ്ഥാപിച്ചതാണ്. ഇറ്റാലിയൻ സർക്കാരില്‍ സ്‌പോർട്‌സ് ചുമതലയുള്ള കാബിനറ്റ് അണ്ടർസെക്രട്ടറി വാലന്‍റീന വെസാലിയുമായി താൻ വിഷയം ചർച്ച ചെയ്തതായും ബിനാഗി പറഞ്ഞു.
ഇറ്റാലിയൻ ഓപ്പണിൽ അഞ്ച് തവണ കിരീടം ചൂടാന്‍ 34കാരനായ ജോക്കോയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. ഇറ്റലിയിലെ നിലവിലെ നിയമം അനുസരിച്ച് രാജ്യത്ത് പ്രവേശിക്കുന്നവര്‍ക്ക് വാക്സിനേഷൻ സര്‍ട്ടിഫിക്കറ്റ്, കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവ ആവശ്യമാണ്. തനിക്ക് രണ്ട് തവണ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അവസാനമായി കഴിഞ്ഞ ഡിസംബറിലാണ് വൈറസ് ബാധയുണ്ടായതെന്നുമാണ് ജോക്കോ പറഞ്ഞിരുന്നത്.