ടോക്കിയോ: ടോക്കിയോ ഒളിമ്പിക്‌സ് ജേതാക്കൾ ഇത്തവണ സ്വയം മെഡൽ അണിയും. മെഡൽ ജേതാക്കൾക്ക് കഴുത്തിൽ മെഡൽ ഇട്ടു നൽകില്ലെന്നും ട്രേയിൽ വച്ച് നൽകുന്ന മെഡലുകൾ അത്‌ലറ്റുകൾ സ്വയം എടുത്ത് ധരിക്കണമെന്നും അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് കമ്മറ്റി പ്രസിഡന്‍റ് തോമസ് ബാക്ക് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
മെഡലുകൾ സ്വീകരിച്ച ശേഷമുള്ള പതിവ് ഹസ്തദാനമോ ആലിംഗനമോ ഇത്തവണ ഉണ്ടാകില്ല. കൊവിഡ് വ്യാപന പ്രതിരോധത്തിന്‍റെ ഭാഗമായാണ് പരമ്പരാഗത രീതിയിൽ നിന്നും മാറുന്നതെന്ന് തോമസ് ബാക്ക് പറഞ്ഞു.
ടോക്കിയോ ഒളിമ്പിക്‌സിൽ 339 കായിക ഇനങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. ട്രേയിൽ മെഡലുകൾ വെക്കുന്നയാൾ ഗ്ലൗസുകൾ ധരിക്കുമെന്നും മെഡലിലൂടെ രോഗം വരാതിരിക്കുന്നതടക്കമുള്ള എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്നും ബാക്ക് വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.
കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ഒളിമ്പിക്‌സ് കൊവിഡ് സാഹചര്യത്തിലാണ് മാറ്റി വച്ചത്. ടോക്കിയോ ഒളിമ്പിക്‌സ് ഒട്ടേറെ പുതുമകളുമായാണ് നടക്കുന്നത്. ചരിത്രത്തിലാദ്യമായാണ് കാണികളില്ലാതെ മത്സരങ്ങൾ നടക്കുന്നത്.
READ MORE:കായിക താരങ്ങള്‍ക്ക് കരുത്തായി 'ചിയര്‍ ഫോര്‍ ഇന്ത്യ'; വീഡിയോ ഗാനം പുറത്തിറക്കി