ലണ്ടന്‍: മാഞ്ചസ്റ്റർ സിറ്റിയുടെ പ്രീമിയർ ലീഗ് കിരീടം യുദ്ധത്തില്‍ തകര്‍ന്ന തന്‍റെ മാതൃരാജ്യത്തിനായി സമര്‍പ്പിക്കുന്നതായി ടീമിന്‍റെ യുക്രൈന്‍ ഡിഫൻഡർ ഒലെക്‌സാണ്ടർ സിൻചെങ്കോ. വിജയാഘോഷത്തിനിടെ വികാരഭരിതനായ സിൻചെങ്കോ പ്രീമിയർ ലീഗ് ട്രോഫിയില്‍ യുക്രൈനിയന്‍ പതാകയും ചേര്‍ത്തുവച്ചിരുന്നു.
"ഒരു യുക്രൈനിയൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു, എല്ലാ യുക്രൈനിയൻ ജനതയ്ക്കും വേണ്ടി ഒരു ദിവസം ഈ ട്രോഫി അവിടേക്ക് കൊണ്ടുപോകാന്‍ ഞാൻ ആഗ്രഹിക്കുന്നു. കാരണം അവർ അത് അർഹിക്കുന്നു" 25കാരനായ സിൻചെങ്കോ പറഞ്ഞു.
അഞ്ച് സീസണുകളിൽ സിറ്റിയുടെ നാലാം കിരീടം നേടുന്നതിനുള്ള തന്‍റെ പങ്കില്‍ നിര്‍ണായകമായത് പരിശീലകന്‍ പെപ് ഗാർഡിയോളയിൽ നിന്നും ടീമംഗങ്ങളിൽ നിന്നും ആരാധകരിൽ നിന്നും ലഭിച്ച പിന്തുണയാണെന്നും സിൻചെങ്കോ പറഞ്ഞു. രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങളെത്തുടര്‍ന്ന തുടക്കത്തില്‍ ഫുട്ബോളിനെക്കുറിച്ച് അധികം ചിന്തിച്ചിരുന്നില്ല. എന്നാല്‍ തനിക്ക് ലഭിച്ച പിന്തുണ വലുതായിരുന്നുവെന്നും സിന്‍ചെങ്കോ കൂട്ടിച്ചേര്‍ത്തു.
യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ പരസ്യമായി വിമർശിച്ച് സിന്‍ചെങ്കോ നേരത്തെ രംഗത്തെത്തിയിരുന്നു. മാഞ്ചസ്റ്ററിലെ പ്രതിഷേധങ്ങളിലും സിന്‍ചെങ്കോ പങ്കെടുത്തിരുന്നു. അതേസമയം കിരീട പോരാട്ടത്തിൽ ഇഞ്ചോടിഞ്ച് പോരാടിയ ലിവർപൂളിനെ ഒരു പോയിന്‍റിന് മറികടന്നാണ് സിറ്റി കിരീടം നിലനിര്‍ത്തിയത്.
ലീഗിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ആസ്റ്റൺ വില്ലക്കെതിരെ 2 ഗോളിന് പിന്നിട്ട് നിന്ന ശേഷം 3-2ന്‍റെ നാടകീയ വിജയം നേടിയാണ് സിറ്റി 93 പോയിന്‍റുമായി ഒന്നാമതെത്തിയത്. മത്സരത്തിന്‍റെ രണ്ടാം പകുതിയിലാണ് സിറ്റിയുടെ പട്ടികയിലെ മൂന്ന് ഗോളുകളും പിറന്നത്.
also read:പ്രീമിയര്‍ ലീഗ് ഗോള്‍ഡന്‍ ബൂട്ട് പങ്കിട്ട് സൺ ഹ്യും മിനും മുഹമ്മദ് സലായും
രണ്ടാം പകുതിയില്‍ പകരക്കാരനായി കളത്തിലെത്തിയ സിൻചെങ്കോ ടീമിന്‍റെ വിജയത്തില്‍ പ്രധാന പങ്ക് വഹിക്കുകയും ചെയ്‌തു. മത്സരത്തിന്‍റെ 76 മിനിറ്റ് വരെ രണ്ട് ഗോളുകള്‍ക്ക് പിറകിലായിരുന്നു സിറ്റി. തുടര്‍ന്ന് 76ാം മിനിറ്റിൽ ഗുണ്ടോഗന്‍റെ ഹെഡറിൽ ഒരു ഗോൾ മടക്കി. രണ്ട് മിനിറ്റിനപ്പുറം റോഡ്രിയിലുടെ സമനില ഗോൾ വന്നു. തുടര്‍ന്ന് 82ാം മിനിറ്റിലാണ് ഗുണ്ടോഗനിലൂടെ വിജയ ഗോള്‍ പിറന്നത്.