ന്യൂഡല്‍ഹി:ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ ജീവന്‍ നഷ്‌ടപ്പെട്ടവരുടെ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിലൂടെയാണ് സെവാഗ് ഇക്കാര്യം അറിയിച്ചത്. സെവാഗ് ഇന്‍റര്‍നാഷണല്‍ സ്‌കൂളില്‍ ബോര്‍ഡിങ് സൗകര്യത്തോടെ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്നാണ് താരത്തിന്‍റെ പ്രഖ്യാപനം.
രാജ്യത്തെ നടുക്കിയ ട്രെയിന്‍ അപകടത്തിന്‍റെ ചിത്രങ്ങളും പങ്കുവെച്ചുകൊണ്ടായിരുന്നു സെവാഗ് ഇക്കാര്യം അറിയിച്ചത്. 'ഈ ദുഃഖസമയത്ത്, ഇങ്ങനെയൊരു ദാരുണമായ അപകടത്തില്‍ ജീവന്‍ നഷ്‌ടപ്പെട്ടവരുടെ കുട്ടികളുടെ വിദ്യാഭ്യാസം സംരക്ഷിക്കുക എന്നതാണ് എനിക്ക് ചെയ്യാന്‍ കഴിയുന്ന ചെറിയൊരു കാര്യം. സെവാഗ് ഇന്റർനാഷണൽ സ്‌കൂളിന്‍റെ ബോർഡിങ് സൗകര്യത്തിൽ ഞാന്‍ അവര്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ ഒരുക്കമാണ്' മുന്‍ താരം ട്വിറ്ററില്‍ കുറിച്ചു.
ബാലസോറില്‍ ജൂണ്‍ രണ്ടിന് രാത്രിയിലുണ്ടായ അപകടത്തില്‍ 275 പേര്‍ മരണപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്കുകള്‍. നേരത്തെ, അപകടം ഉണ്ടായ സമയത്ത് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവരെയും പരിക്കേറ്റവര്‍ക്ക് രക്തം നല്‍കാന്‍ ആശുപത്രികളില്‍ എത്തിയ സന്നദ്ധ പ്രവര്‍ത്തകരെയും പ്രകീര്‍ത്തിച്ചുകൊണ്ടും സെവാഗ് ട്വീറ്റ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താരം അപകടത്തില്‍ മരിച്ചവരുടെ കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് സ്വമേധയ ഏറ്റെടുക്കുന്നുവെന്ന് അറിയിച്ചത്.
ആരാധകരും സെവാഗിന്‍റെ പ്രവര്‍ത്തിയെ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. നേരത്തെ, പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ മക്കളുടെ പഠനച്ചെലവും സെവാഗ് ഏറ്റെടുത്തിരുന്നു. 2019ല്‍ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ നാല്‍പ്പതോളം സൈനികരായിരുന്നു വീരമൃത്യു വരിച്ചത്. കൊല്ലപ്പെട്ട സൈനികരുടെ മക്കള്‍ക്ക് തന്‍റെ ക്രിക്കറ്റ് അക്കാദമിയില്‍ സൗജന്യ പരിശീലനത്തിന് വേണ്ട സൗകര്യങ്ങളും സെവാഗ് ഒരുക്കി നല്‍കിയിരുന്നു.