ക്ലിഫോർഡ് മിറാൻഡ.. ഇന്ത്യൻ ഫുട്‌ബോളിൽ അധികം കേട്ടുകേൾവിയില്ലാത്ത ഒരു പേര്. എന്നാൽ ഹീറോ സൂപ്പർ കപ്പ് ഫൈനലിൽ ബെംഗളൂരു എഫ്‌സിയെ കീഴടക്കിയ ഒഡിഷ എഫ്‌സി തങ്ങളുടെ പ്രഥമകിരീടത്തിൽ മുത്തമിട്ടതോടെ ഈ പേരും ഇനി ഓർമിക്കപ്പെടും. പല ടീമുകളും മികച്ച വിദേശ പരിശീലകരുടെ കീഴിൽ സൂപ്പർ കപ്പിനിറങ്ങിയപ്പോൾ ഇന്ത്യൻ പരിശീലകന് കീഴിൽ പന്തു തട്ടിയാണ് ഒഡിഷ എഫ്‌സി ക്ലബ് ചരിത്രത്തിലെ ആദ്യ കിരീടം സ്വന്തമാക്കിയത്.
ഐഎസ്‌എൽ അവസാന സീസണിൽ ഒഡിഷ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തതിന് പിന്നാലെ പ്രധാന പരിശീലകനായിരുന്ന ജോസെപ് ഗോമ്പു ടീം വിട്ടതോടെയാണ് ക്ലിഫോർഡ് മിറാൻഡ പരിശീലകസ്ഥാനത്തേക്ക് വരുന്നത്. സഹപരിശീലകന്‍റെ റോളിൽ നിന്നാണ് മിറാൻഡ ക്ലബിന്‍റെ ഇടക്കാല ചുമതലയേൽക്കുന്നത്. ആദ്യമായി ഒഡിഷ ഐഎസ്എൽ പ്ലേ ഓഫിലെത്തിയെങ്കിലും പ്രകടനത്തിലെ സ്ഥിരതയില്ലായ്‌മയാണ് ഗോമ്പുവിന് പുറത്തേക്ക് വഴി തെളിച്ചതും മിറാൻഡ പരിശീലകനാകുന്നതും.
ഒഡിഷയുടെ ഇടക്കാല പരിശീലകന്‍റെ കുപ്പായമണിയുമ്പോൾ സൂപ്പർ കപ്പിന് ടീമിനെ തയ്യാറാക്കുക എന്നതായിരുന്നു മിറാൻഡയ്‌ക്ക് മുന്നിലുണ്ടായിരുന്ന വെല്ലുവിളി. എന്നാൽ പരിശീലകസ്ഥാനം ഏറ്റെടുത്ത ആദ്യ പ്രധാന ടൂർണമെന്‍റിൽ തന്നെ ടീമിനെ കിരീടത്തിലേക്ക് എത്തിച്ച മിറാൻഡ തന്‍റെ കഴിവ് തുറന്നുകാട്ടി. ഒഡിഷയെ കന്നിക്കീരിടത്തിലെത്തിച്ച മിറാൻഡ സൂപ്പർ കപ്പിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ പരിശീലകനെന്ന റെക്കോഡും സ്വന്തമാക്കിയിട്ടുണ്ട്.
മുൻ ഇന്ത്യൻ ദേശീയ ടീം താരമായിരുന്ന കഴിഞ്ഞ സീസണിലാണ് ഒഡിഷ ടീമിനൊപ്പം ചേരുന്നത്. എഫ്‌സി ഗോവയുടെ യൂത്ത് ടീമിന്‍റെ ചുമതലയേറ്റെടുത്തുകൊണ്ടാണ് ഗോവൻ സ്വദേശിയായ ക്ലിഫോർഡ് മിറാൻഡ പരിശീലക വേഷത്തിലേക്ക് കളംമാറ്റുന്നത്. 2017 ൽ ഫുട്‌ബോളിൽ നിന്ന് വിരമിച്ച മിറാൻഡ തന്‍റെ മുൻപരിശീലകനായ ഡെറിക് പെരേരയുടെ നിർദേശപ്രകാരമാണ് ഗോവൻ ടീമിനൊപ്പം ചേരുന്നത്.
എട്ട് വർഷം മുൻപ് 2014ൽ ഡൽഹി ഡൈനാമോസ് എന്ന പേരിൽ സ്ഥാപിച്ച ക്ലബ് 2019ലാണ് ഒഡിഷ എഫ്‌സി എന്ന പേരിലേക്ക് പുനർനാമകരണം ചെയ്യുന്നത്. പുതിയ മാനേജ്‌മെന്‍റിന് കീഴിൽ നാല് വർഷം പൂർത്തിയാകുന്നതിന് മുൻപാണ് അവർ ആദ്യം കിരീടം ഷെൽഫിലെത്തിച്ചത്. ടൂർണമെന്റിൽ ഒറ്റ മത്സരത്തിൽ പോലും തോൽവിയറിയാതെയാണ് ഒഡിഷ ജേതാക്കളായത്.
ഹീറോ സൂപ്പർ കപ്പ് ഫൈനലിൽ 2-1 നാണ് ഒഡിഷ എഫ്‌സി, ബെംഗളൂരു എഫ്‌സിയെ തോൽപിച്ചത്. ഡീഗോ മൗറീഷ്യോയുടെ ഇരട്ടഗോളുകളാണ് ഒഡിഷയെ ജേതാക്കാളാക്കിയത്. 23-ാം മിനിട്ടിൽ ഫ്രീകിക്കിലൂടെ ആദ്യ ഗോൾ നേടിയ ഡീഗോ, 37-ാം മിനിറ്റിൽ ഹെഡറിലൂടെ തന്‍റെ രണ്ടാം ഗോളും നേടി. 85-ാം മിനിട്ടിൽ നായകൻ സുനിൽ ഛേത്രിയിലൂടെയാണ് ബെംഗളൂരു ഒരു ഗോൾ തിരിച്ചടിച്ചത്.
ഇന്ത്യൻ സൂപ്പർ കപ്പിലെ ആദ്യ മത്സരത്തിൽ ഈസ്റ്റ് ബെംഗാളിനെതിരായ മത്സരത്തിൽ 1-1 സമനിലയോടെയാണ് തുടങ്ങിയത്. ഐ-ലീഗ് ടീമായ ഐസ്വാൾ എഫ്‌സിക്കെതിരെ 3-0 നും ഐഎസ്‌എൽ വമ്പൻമാരായ ഹൈദരാബാദ് എഫ്‌സി 2-1 നും പരാജയപ്പെടുത്തിയ ഒഡിഷ ഗ്രൂപ്പ് ജേതാക്കളായിട്ടാണ് സെമിഫൈനലിന് യോഗ്യത നേടിയത്. സെമിഫൈനലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 3-1ന് തോൽപ്പിച്ചാണ് അവർ തങ്ങളുടെ ആദ്യത്തെ സൂപ്പർ കപ്പ് ഫൈനലിലേക്ക് യോഗ്യത നേടിയത്.