റോം : ഇറ്റാലിയൻ ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്‍റിന്‍റെ സെമി ഫൈനല്‍ വിജയത്തോടെ കരിയറില്‍ നിര്‍ണായക നാഴികക്കല്ല് പിന്നിട്ട് ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച്. എടിപി ടൂർ ലെവൽ മത്സരങ്ങളില്‍ 1,000 വിജയം നേടുന്ന അഞ്ചാമത്തെ താരമെന്ന റെക്കോഡാണ് ജോക്കോവിച്ച് സ്വന്തം പേരിലാക്കിയത്.
ജിമ്മി കോണേഴ്‌സ്, റോജർ ഫെഡറർ, ഇവാൻ ലെൻഡൽ, റാഫേൽ നദാൽ എന്നിവരാണ് നേരത്തെ ഈ നേട്ടം കൈവരിച്ചത്. ജിമ്മി കോണേഴ്‌സിന്‍റെ പേരിലാണ് ഏറ്റവും കൂടുതല്‍ എടിപി ടൂര്‍ വിജയങ്ങളുള്ളത്.
1274 ടൂര്‍ ലെവല്‍ മത്സരങ്ങളില്‍ വിജയം പിടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഈ പട്ടികയില്‍ റോജർ ഫെഡറർ (1251), ഇവാൻ ലെൻഡൽ(1068), റാഫേൽ നദാൽ (1051) എന്നിവര്‍ക്ക് പിന്നിലാണ് 34കാരനായ ജോക്കോയും സ്ഥാനം പിടിച്ചത്.
അതേസമയം റോമില്‍ നടക്കുന്ന ടൂര്‍ണമെന്‍റിന്‍റെ സെമിയില്‍ നോര്‍വീജിയന്‍ താരം കാസ്‌പർ റൂഡിനെയാണ് ജോക്കോ കീഴടക്കിയത്. 6-4, 6-3 എന്ന സ്‌കോറിന് ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് 23കാരനായ റൂഡ് ജോക്കോയ്‌ക്ക് മുന്നില്‍ തോറ്റത്.
ഫൈനലില്‍ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസാണ് ജോക്കോയുടെ എതിരാളി. സെമിയില്‍ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവിനെയാണ് സ്റ്റെഫാനോസ് സിറ്റ്സിപാസ് തോല്‍പ്പിച്ചത്. 4-6, 6-3, 6-3 എന്ന സ്‌കോറില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു ഗ്രീക്ക് താരത്തിന്‍റെ വിജയം.