ലണ്ടന്‍ :കൊവിഡ് വാക്‌സിനെടുക്കാന്‍ പദ്ധതിയില്ലെന്ന് സെർബിയൻ ടെന്നിസ് താരം നൊവാക് ജോക്കോവിച്ച്. ഞായറാഴ്‌ച വിംബിൾഡൺ കിരീടമുയര്‍ത്തിയതിന് പിന്നാലെയാണ് ജോക്കോയുടെ പ്രതികരണം. നടക്കാനിരിക്കുന്ന യുഎസ് ഓപ്പണില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെന്നും ഇതിനായി യുഎസ് അധികാരികൾ രാജ്യത്ത് പ്രവേശിക്കാനുള്ള നിയമങ്ങളില്‍ ഇളവ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും ജോക്കോ പറഞ്ഞു.
ഓഗസ്റ്റ് 29 മുതല്‍ സെപ്‌റ്റംബര്‍ 11 വരെയാണ് യുഎസ് ഓപ്പണ്‍ നടക്കുക. നിയമ പ്രകാരം കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമേ നിലവില്‍ യുഎസില്‍ പ്രവേശിക്കാനാവൂ. ഇക്കാര്യത്തില്‍ യുഎസ് ഓപ്പണ്‍ അധികൃതര്‍ ഇതേവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വർഷം ഫൈനലിൽ ഡാനിൽ മെദ്‌വദേവിനോട് തോറ്റതിന് ശേഷം, നാലാമത്തെ യുഎസ് ഓപ്പൺ കിരീടമാണ് സെര്‍ബിയന്‍ താരം ലക്ഷ്യമിടുന്നത്.
വാക്‌സിനെടുക്കാതെ രാജ്യത്ത് പ്രവേശിച്ചതിന് ഈ വര്‍ഷം ആദ്യം ഓസ്‌ട്രേലിയന്‍ ഓപ്പണിനെത്തിയ ജോക്കോയെ നാട് കടത്തിയിരുന്നു. 2022ലെ ആദ്യ ഗ്രാൻഡ്‌സ്ലാമിനായി ജനുവരി ആറിന് മെല്‍ബണ്‍ ടല്ലമറൈന്‍ വിമാനത്താവളത്തിലെത്തിയ താരത്തെ എട്ട് മണിക്കൂറോളം തടഞ്ഞുവച്ച അധികൃതര്‍ വിസ റദ്ദാക്കുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് നടന്ന നിയമയുദ്ധത്തിന് ശേഷമാണ് ജോക്കോയെ നാടുകടത്തിയത്.
അതേസമയം ഓസ്‌ട്രേലിയയുടെ നിക് കിർഗിയോസിനെ തോല്‍പ്പിച്ചാണ് ജോക്കോ കരിയറിലെ ഏഴാം വിംബിൾഡൺ കിരീടം നേടിയത്. ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു ജോക്കോയുടെ വിജയം. സ്‌കോര്‍: 4-6, 6-3, 6-4, 7-6.
കരിയറില്‍ താരത്തിന്‍റെ 21ാം ഗ്രാൻഡ്സ്ലാം കിരീടവും തുടർച്ചയായ നാലാം വിംബിൾഡൺ കിരീടവുമാണിത്. ഇതോടെ ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടങ്ങള്‍ നേടുന്ന രണ്ടാമത്തെ താരമാവാനും ജോക്കോയ്‌ക്ക് കഴിഞ്ഞു. 22 കിരീടങ്ങളുമായി നദാലാണ് മുന്നില്‍.