പാരിസ് : 2022 ലെ യുഎസ് ഓപ്പണിൽ നിന്ന് ലോക ആറാം നമ്പർ താരം നൊവാക് ജോക്കോവിച്ച് പിന്മാറി. കൊവിഡ് വാക്‌സിൻ സംബന്ധമായ പ്രശ്‌നങ്ങളാണ് താരത്തിന് ഇത്തവണയും തിരിച്ചടിയായത്. കൊവിഡ് വാക്‌സിൻ എടുക്കാത്തവർക്ക് യുഎസിലുള്ള പ്രവേശന വിലക്കാണ് ജോക്കോവിച്ചിന്‍റെ പിൻമാറ്റത്തിന് കാരണം. വാക്‌സിനെടുക്കാത്തത് മൂലം, 21 തവണ ഗ്രാൻഡ്‌സ്ലാം ജേതാവ് കൂടിയായ താരത്തിന് നേരത്തെ ഓസ്‌ട്രേലിയൻ ഓപ്പണും നഷ്‌ടമായിരുന്നു.
'ദുഃഖകരമെന്ന് പറയട്ടെ, യു.എസ്. ഓപ്പണിന് ഇത്തവണ എനിക്ക് ന്യൂയോർക്കിലേക്ക് യാത്ര ചെയ്യാൻ കഴിയില്ല. നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്‌ക്കും നന്ദി. എന്‍റെ സഹ കളിക്കാർക്ക് ആശംസകൾ. ഞാൻ നല്ലനിലയിൽ പോസിറ്റീവായി വീണ്ടും മത്സരിക്കാനുള്ള അവസരത്തിനായി കാത്തിരിക്കും. ഉടൻ കണ്ടുമുട്ടാം' - ജോക്കോവിച്ച് ട്വീറ്റ് ചെയ്‌തു.
വാക്‌സിൻ യുദ്ധം : 2022ലെ ആദ്യ ഗ്രാൻഡ്‌സ്ലാമിനായി ജനുവരി ആറിന് മെല്‍ബണ്‍ ടല്ലമറൈന്‍ വിമാനത്താവളത്തിലെത്തിയ താരത്തെ എട്ട് മണിക്കൂറോളം തടഞ്ഞുവച്ച അധികൃതര്‍ വിസ റദ്ദാക്കുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് നടന്ന നിയമ യുദ്ധത്തിന് ശേഷമാണ് ജോക്കോയെ നാടുകടത്തിയത്. ഇത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.