ലണ്ടന്‍:വിംബിൾഡണ്‍ ടെന്നിസ് ടൂര്‍ണമെന്‍റിന്‍റെ പുരുഷ സിംഗിള്‍സിലെ നിലവിലെ ചാമ്പ്യനാണ് നൊവാക് ജോക്കോവിച്ച്. പുല്‍മൈതാനത്ത് തന്‍റെ കിരീടനേട്ടം ആവര്‍ത്തിക്കാനുറച്ചാണ് 36-കാരനായ സെര്‍ബിയന്‍ താരം ഇത്തവണയും പോരിനിറങ്ങിയിരുന്നത്. നിലവില്‍ ടൂര്‍ണമെന്‍റിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലിന് യോഗ്യത നേടാന്‍ നൊവാക് ജോക്കോവിച്ചിന് കഴിഞ്ഞിട്ടുണ്ട്.
ഇതിന് പിന്നാലെ താരത്തിന്‍റെ ടെന്നീസ് ഷൂവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ആരാധക ലോകത്ത് ചര്‍ച്ചയാവുന്നത്. പച്ച നിറത്തില്‍ 23 എന്ന് പ്രിന്‍റ് ചെയ്ത വെളുത്ത ഷൂസുമായാണ് ജോക്കോ ഓള്‍ ഇംഗ്ലണ്ട് ക്ലബില്‍ കളിക്കാന്‍ ഇറങ്ങുന്നത്. ജോക്കോ കരിയറില്‍ ഇതേവരെ നേടിയ ഗ്രാൻഡ് സ്ലാം കിരീടങ്ങളുടെ എണ്ണമാണിത്.
വിംബിൾഡണില്‍ ഇനി കാത്തിരിക്കുന്ന മൂന്ന് മത്സരങ്ങള്‍ കൂടി വിജയിക്കാന്‍ കഴിഞ്ഞാല്‍ സെര്‍ബിയന്‍ താരത്തിന് തന്‍റെ ഗ്രാൻഡ് സ്ലാം കിരീടങ്ങളുടെ എണ്ണം 24-ലേക്ക് എത്തിക്കാം. ഇതോടെ 23 എന്ന് പ്രിന്‍റുള്ള ഷൂ താരത്തിന് തീര്‍ച്ചയായും മാറ്റേണ്ടിവരുമെന്നാണ് ആരാധകര്‍ പറയുന്നത്. വിംബിൾഡണില്‍ തന്‍റെ ഏട്ടാം കിരീടം കൂടിയാണ് ജോക്കോ ലക്ഷ്യം വയ്‌ക്കുന്നത്.
നിലവില്‍ ഏറ്റവും കൂടുതല്‍ ഗ്രാൻഡ് സ്ലാം നേടിയ പുരുഷ താരമെന്ന റെക്കോഡിന് ഉടമ കൂടിയാണ് നൊവാക് ജോക്കോവിച്ച്. 22 ഗ്രാൻഡ് സ്ലാം കിരീടങ്ങള്‍ നേടിയ സ്‌പാനിഷ് താരം റഫേല്‍ നാദാലും, 20 തവണ വിജയിച്ച സ്വിസ് താരം റോജര്‍ ഫെഡററുമാണ് തൊട്ടുപിന്നിലുള്ളത്. റോജര്‍ ഫെഡറര്‍ കഴിഞ്ഞ വര്‍ഷം ടെന്നീല്‍ നിന്നും വിരമിച്ചിരുന്നു. ഇതോടെ നിലവില്‍ നാദാല്‍ മാത്രമാണ് ജോക്കോയ്‌ക്കൊപ്പം പ്രസ്‌തുത റെക്കോഡിനായി മത്സരിക്കാനുള്ളത്.
കരിയറിലെ 24-ാം ഗ്രാൻഡ് സ്ലാം നേടാന്‍ കഴിയുമെന്ന് തികഞ്ഞ വിശ്വാസമുണ്ടെന്ന് ജോക്കോവിച്ച് പ്രതികരിച്ചു. അങ്ങനെ വന്നാല്‍ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ പഴയവ മാറ്റി 24 എന്ന് പ്രിന്‍റ് ചെയ്‌ത ഷൂസുകള്‍ ഉപയോഗിക്കേണ്ടി വരുമെന്നും താരം കൂട്ടിച്ചേര്‍ത്തു. സീസണ്‍ ഓപ്പണറായ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കിരീട നേട്ടത്തോടെയാണ് ജോക്കോവിച്ച് തുടങ്ങിയത്. കൊവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് മുന്‍ വര്‍ഷത്തില്‍ ടൂര്‍ണമെന്‍റിനെത്തിയ ജോക്കോയെ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നാട് കടത്തിയിരുന്നു.