ലണ്ടന്‍ : വിംബിൾഡണില്‍ നിന്നും റഷ്യയിലെയും ബെലാറസിലെയും ടെന്നിസ് താരങ്ങളെ വിലക്കിയത് 'മണ്ടന്‍' തീരുമാനമെന്ന് ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച്. യുദ്ധത്തിന്‍റെ സന്തതിയായ താന്‍ ഒരിക്കലും അതിനെ പിന്തുണയ്‌ക്കുന്നില്ലെന്നും ജോക്കോ പറഞ്ഞു.
"എപ്പോഴും ഞാൻ യുദ്ധത്തെ അപലപിക്കും, യുദ്ധത്തിന്‍റെ സന്തതിയായ ഞാന്‍ ഒരിക്കലും അതിനെ പിന്തുണയ്ക്കില്ല. അതെത്രമാത്രം വൈകാരിക ആഘാതമാണ് ഉണ്ടാക്കുന്നതെന്ന് എനിക്കറിയാം. 1999-ൽ സെർബിയയിൽ എന്താണ് സംഭവിച്ചതെന്ന് നമുക്കെല്ലാവർക്കും അറിയാം. ബാൽക്കൻസില്‍ സമീപകാല ചരിത്രത്തിൽ നിരവധി യുദ്ധങ്ങൾ ഉണ്ടായിട്ടുണ്ട്" - നൊവാക് ജോക്കോവിച്ച് പറഞ്ഞു.
ബുധനാഴ്‌ചയാണ് റഷ്യയിലെയും ബെലാറസിലെയും ടെന്നിസ് താരങ്ങളെ ഈ വർഷം വിംബിൾഡൺ കളിക്കാൻ അനുവദിക്കില്ലെന്ന് ഓൾ ഇംഗ്ലണ്ട് ക്ലബ് അറിയിച്ചത്. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇതോടെ നിലവിലെ യുഎസ് ഓപ്പൺ ചാമ്പ്യൻ ഡാനിൽ മെദ്‌വദേവ് ഉള്‍പ്പടെയുള്ള താരങ്ങള്‍ക്ക് വിംബിൾഡൺ കളിക്കാനാവില്ല.