ലണ്ടന്‍: ടെന്നിസ് സൂപ്പർതാരം നൊവാക് ജോക്കോവിച്ചിന് വീണ്ടും തിരിച്ചടി. കൊവിഡ് വാക്‌സിൻ സ്വീകരിക്കാത്ത ജോക്കോയെ ഇത്തവണത്തെ യുഎസ് ഓപ്പണിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് അമേരിക്ക. ഇതേ കാരണത്താൽ ഓസ്ട്രേലിയൻ ഓപ്പണും താരത്തിന് നഷ്‌ടമായിരുന്നു.
നാളെ (ജൂൺ 27) ആരംഭിക്കുന്ന വിംബിൾഡൻ ടെന്നിസ് ചാമ്പ്യൻഷിപ്പിനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് നൊവാക് ജോക്കോവിച്ച്. അതിനിടയിലാണ് താരത്തിന് ഒട്ടും സന്തോഷം നൽകാത്ത വാർത്തയെത്തുന്നത്. ഓഗസ്റ്റ് 29ന് തുടങ്ങുന്ന യുഎസ് ഓപ്പണിൽ താരത്തിന് പങ്കെടുക്കാനാവില്ല.
യുഎസ് ഓപ്പൺ നഷ്‌ടമാകുന്നതിലെ നിരാശ ജോക്കോവിച്ച് മറച്ചുവച്ചില്ല. 'പങ്കെടുക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ അമേരിക്കയിലേക്ക് പ്രവേശിക്കാനാകില്ല' എന്നും ജോക്കോ പറഞ്ഞു. അതേസമയം അമേരിക്കന്‍ വിലക്ക് വിംബിൾഡനില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ പ്രചോദനമാകുന്നതായി ജോക്കോ വ്യക്തമാക്കി. വിംബിൾഡനില്‍ നിലവിലെ ചാമ്പ്യനാണ് ജോക്കോവിച്ച്.
ഇത്തവണത്തെ ഓസ്ട്രേലിയൻ ഓപ്പണിലും സമാന അവസ്ഥയായിരുന്നു നൊവാക് ജോക്കോവിച്ചിന്. മത്സരത്തിൽ പങ്കെടുക്കാനായി ഓസ്ട്രേലിയയിൽ വിമാനമിറങ്ങിയെങ്കിലും വാക്‌സിൻ വിഷയത്തിൽ ആർക്കും ഇളവ് നൽകാനാവില്ലെന്ന് ഓസ്ട്രേലിയൻ ഭരണകൂടം തീരുമാനിച്ചതോടെ ജോക്കോവിച്ച് തിരികെ മടങ്ങുകയായിരുന്നു.