മെൽബൺ : പത്താം ഓസ്ട്രേലിയൻ ഓപ്പൺ, 22 ഗ്രാന്‍റ്‌സ്ലാം കിരീടവുമായി സാക്ഷാല്‍ റാഫേല്‍ നദാലിനൊപ്പം. അതിനേക്കാളേറെ ലോക ഒന്നാം നമ്പർ സ്ഥാനം തിരിച്ചു പിടിച്ച കിരീട വിജയം. മെല്‍ബൺ പാർക്കിലെ റോഡ് ലാവെർ അരീനയില്‍ രാജാവായി സെർബിയൻ ഇതിഹാസം നൊവാക് ദ്യോക്കോവിച്ച്.
കലാശപ്പോരാട്ടത്തിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് കരിയറിലെ ആദ്യ ഗ്രാൻഡ് സ്ലാം തേടിയെത്തിയ ഗ്രീസിന്‍റെ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ തോൽപ്പിച്ചത്. സ്കോർ (6-3),(7-6), (7-6)
ഓസ്‍ട്രേലിയൻ ഓപ്പണിൽ നൊവാക് ദ്യോക്കോവിച്ചിന്‍റെ പത്താം കിരീട നേട്ടമാണിത്. മെൽബണിലെ കിരീടത്തോടെ ഏറ്റവും കൂടുതൽ ഗ്രാൻഡ് സ്ലാം നേടിയ സ്‌പാനിഷ് ഇതിഹാസം റാഫേൽ നദാലിന്‍റെ റെക്കോഡിനൊപ്പമെത്താനുമായി. 22 ഗ്രാൻഡ് സ്ലാം കിരീടമാണ് നദാൽ കരിയറിൽ സ്വന്തമാക്കിയിട്ടുള്ളത്. കിരീടത്തോടെ പുതിയ റാങ്കിങ്ങിൽ ഒന്നാമതെത്താനും ദ്യോക്കോവിച്ചിനാകും.
ഇരുവരുടെയും നേർക്കുനേരെയുള്ള 13-ാം മത്സരമായിരുന്നു ഇത്. 11 തവണയും സെർബിയൻ താരത്തിനായിരുന്നു ജയം. 2019 ഒക്ടോബറിന് ശേഷം ഏറ്റുമുട്ടിയ 10 മത്സരങ്ങളിലും ദ്യോക്കോയെ തോല്‍പ്പിക്കാനും സിറ്റ്‌സിപാസിനായില്ല.
തന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച വിജയമെന്നാണ് സെർബിയൻ താരമായ ദ്യോക്കോവിച്ച് ഈ കിരീട നേട്ടത്തെ വിശേഷിപ്പിച്ചത്. ഇതോടെ ഏറ്റവുമധികം ഓസ്ട്രേലിയൻ ഓപ്പൺ നേടിയ (10 കിരീടം) താരമാകാനും ദ്യോക്കോവിച്ചിന് കഴിഞ്ഞു.
വിലക്കിനെ തോല്‍പ്പിച്ച നേട്ടം : കൊവിഡ് വാക്‌സിനേഷൻ എടുക്കാത്തതിനെ തുടർന്ന് കഴിഞ്ഞ വർഷം നടന്ന ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് ടൂർണമെന്‍റിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട നൊവാക് ദ്യോക്കോവിച്ചിനെ ആരും മറന്നിട്ടുണ്ടാകില്ല. ഇത്തവണ ദ്യോക്കോവിച്ച് ഓസ്ട്രേലിയൻ ഓപ്പൺ ടൂർണമെന്‍റിന് എത്തിയപ്പോൾ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. കിരീടം തനിക്കുള്ളതാണെന്ന്. പക്ഷേ ഇത്തവണത്തെ ഓസ്ട്രേലിയൻ ഓപ്പൺ കിരീടം മാത്രമല്ല, ഒരു പിടി റെക്കോഡുകളും സ്വന്തം പോക്കറ്റിലാക്കിയാണ് ദ്യോക്കോവിച്ച് മെല്‍ബൺ പാർക്കില്‍ നിന്ന് മടങ്ങുന്നത്. ടൂർണമെന്‍റിന് എത്തിയപ്പോൾ തുടങ്ങിയ മസില്‍ വേദനയെ പോലും തോല്‍പ്പിച്ചാണ് കിരീടനേട്ടമെന്നതും ശ്രദ്ധേയം.
നേരത്തെ വനിത വിഭാഗത്തിൽ ബെലാറസിന്‍റെ അരിയാന സബലങ്ക കിരീടം നേടിയിരുന്നു. ഫൈനലിൽ കസാഖിസ്ഥാൻ താരം എലീന റൈബാകിനയെയാണ് അഞ്ചാം സീഡായ സബലങ്ക തോൽപ്പിച്ചത്. ആദ്യ സെറ്റ് നഷ്‌ടമാക്കിയ സബലങ്ക പിന്നീടുള്ള സെറ്റുകളിൽ ശക്തമായ തിരിച്ചുവരവോടെയാണ് കരിയറിലെ ആദ്യ ഗ്രാൻഡ് സ്ലാം കിരീടം സ്വന്തമാക്കിയത്. സ്‌കോര്‍: 6-4, 3-6, 4-6.