ബുഡാപെസ്റ്റ്:ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്‌സിന്‍റെ (World Athletics Championship) 100 മീറ്ററില്‍ അമേരിക്കയുടെ നോഹ ലൈൽസിന് (Noah Lyles wins gold medal in 100m sprint) സ്വര്‍ണം. 9.83 സെക്കൻഡില്‍ ഫിനിഷ് ചെയ്‌താണ് നിലവിലെ 200 മീറ്റർ ചാമ്പ്യന്‍ കൂടിയായാണ് 26-കാരന്‍റെ സുവര്‍ണ നേട്ടം. ബോട്സ്വാന താരം ലെറ്റ്സീലി ടെബോഗോ (9.88) രണ്ടാമത് എത്തിയപ്പോള്‍ ബ്രിട്ടന്‍റെ ഷാർനെൽ ഹ്യൂസാണ് (9.88) മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. സെക്കൻഡിന്‍റെ മൂവായിരത്തിൽ ഒരു അംശത്തിന്‍റെ വ്യത്യാസമാണ് രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ഇടയില്‍ ഉള്ളത്.
തിരികെ എത്തുന്ന അമേരിക്ക:ലോക അത്‌ലറ്റിക്‌സ് വേദികളിലെ ഗ്ലാമര്‍ പോരാട്ടങ്ങളാണ് സ്‌പ്രിന്‍റ് ഇനങ്ങള്‍. പ്രത്യേകിച്ച് പുരുഷന്മാരുടെ 100 മീറ്റര്‍ ഓട്ടത്തിന്‍റെ മാറ്റത്തിരി കൂടുതലാണ്. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് വേദികളില്‍ അമേരിക്കയായിരുന്നു ഈ ഇനത്തില്‍ ആധിപത്യം പുലര്‍ത്തിപ്പോന്നിരുന്നത്.
കണക്കുകള്‍ പരിശോധിച്ചാല്‍ 1983 മുതല്‍ 2023 വരെയുള്ള 19 പതിപ്പുകളില്‍ 12 തവണയും സ്വര്‍ണം നേടിയത് അമേരിക്കയാണ്. 11 വെള്ളിയും ആറ് വെങ്കലവും രാജ്യത്തിനുണ്ട്. എന്നാല്‍ ഇടക്കാലത്ത് ജമൈക്ക വെല്ലുവിളിയായതോടെ അമേരിക്കയ്ക്ക് പ്രതാപം നഷ്‌ടമായിരുന്നു. എന്നാല്‍ സ്‌പ്രിന്‍റ് രാജാക്കൻമാർ ആധിപത്യം തിരികെ പിടിക്കുന്ന കാഴ്‌ചയാണ് ഇപ്പോൾ കാണാന്‍ കഴിയുന്നത്.
അടികളും തിരിച്ചടികളുമായി ഏറെ രസകരമാണ് ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് വേദിയില്‍ അമേരിക്കയുടെ തിരിച്ചുവരവ്. 1983 മുതല്‍ക്ക് 2007 വരെ നടന്ന 11 പതിപ്പുകളില്‍ എട്ട് തവണയും വേഗരാജാക്കന്മാര്‍ അമേരിക്കയില്‍ നിന്നായിരുന്നു. 1893, 1987, 1991 പതിപ്പുകളില്‍ കാൾ ലൂയിസായിരുന്നു വേഗപ്പോരില്‍ യുഎസിനായി മെഡല്‍ നേടിയത്.
പിന്നീട് നടന്ന രണ്ട് പതിപ്പുകളില്‍ കൈവിട്ട 100 മീറ്റര്‍ 1997-ല്‍ ഏഥന്‍സില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലില്‍ മൗറീസ് ഗ്രീനിലൂടെയാണ് രാജ്യം തിരികെ പിടിക്കുന്നത്. 1999-ലും 2001-ലും നടന്ന ചാമ്പ്യന്‍ഷിപ്പികളിലും താരം ഒന്നാം സ്ഥാനം നിലനിര്‍ത്തി. 2003-ല്‍ പാരീസില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ അമേരിക്ക പിന്നിലായി. പക്ഷെ 2005-ല്‍ ജസ്റ്റിന്‍ ഗാട്‌ലിന്‍, 2007-ല്‍ ടൈസണ്‍ ഗേ എന്നിവരിലൂടെ അമേരിക്ക തങ്ങളുടെ ആധിപത്യം നിലനിര്‍ത്തി.