അകാപുൾകോ (മെക്‌സിക്കോ) :ലോക റാങ്കിങ്ങില്‍ ഒന്നാമതെത്തിയതിന് പിന്നാലെ മെക്‌സിക്കൻ ഓപ്പണിൽ സെമിയിൽ പുറത്തായി ഡാനിൽ മെദ്‌വദേവ്. ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിന്‍റെ തനിപ്പകർപ്പായ മത്സരത്തിൽ മൂന്നുതവണ മെക്‌സിക്കൻ ഓപ്പൺ ജേതാവായ നദാൽ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് റഷ്യൻ താരത്തെ തോൽപ്പിച്ചത്.
സ്‌കോർ 6:3, 6:3
ഒരു മാസം മുമ്പ് ഓസ്‌ട്രേലിയൻ ഓപ്പണിൽ, 35 കാരനായ നദാൽ രണ്ട് സെറ്റുകൾക്ക് പിറകിലായതിന് ശേഷം ശക്‌തമായി തിരിച്ചുവരവിലൂടെ മെദ്‌വദേവിനെ പരാജയപ്പെടുത്തി തന്‍റെ റെക്കോർഡ് 21-ാം ഗ്രാൻഡ് സ്ലാം സിംഗിൾസ് കിരീടം നേടിയിരുന്നു.
47 മിനിറ്റ് നീണ്ട ആദ്യ സെറ്റിലെ നാലാം ഗെയിം ബ്രേക്ക് ചെയ്‌താണ് നദാൽ ആദ്യ സെറ്റ് സ്വന്തമാക്കിയത്.മത്സരത്തിൽ 10 ഏയ്‌സുകൾ ഉതിർത്ത മെദ്‌വദേവ് പക്ഷേ 7 ഡബിൾ ഫോൾട്ടുകളാണ് കളിയിൽ വരുത്തിയത്. 3 തവണ റഷ്യൻ താരത്തിന്‍റെ സർവീസ് ബ്രേക്ക് ചെയ്യാൻ നദാലിന് ആയി.