ന്യൂഡല്‍ഹി:ബർമിങ്‌ഹാം കോമൺവെൽത്ത് ഗെയിംസിലെ മികച്ച പ്രകടനത്തിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദരത്തില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് താരങ്ങള്‍. ബോക്‌സര്‍ നിഖാത് സരീൻ തന്‍റെ ബോക്‌സിങ് ഗ്ലൗസും, സ്‌പ്രിന്‍റർ ഹിമ ദാസ് പരമ്പരാഗത അസമീസ് ഗമോച്ചയും പ്രധാനമന്ത്രി സമ്മാനമായി നല്‍കി.
താരങ്ങളെ അനുമോദിക്കുന്നതിനായി പ്രധാനമന്ത്രിയുടെ വസതിയില്‍ ശനിയാഴ്‌ച(13.08.2022) സ്വീകരണം ഒരുക്കിയിരുന്നു. പ്രധാനമന്ത്രിക്ക് ബോക്‌സിങ് ഗ്ലൗസ് സമ്മാനിച്ചതിൽ അഭിമാനമുണ്ടെന്ന് നിഖാത് ട്വീറ്റ് ചെയ്‌തു. അസമിന്‍റെ പാരമ്പര്യത്തിന്‍റെ ഭാഗമായ ഗമോച്ചയ്‌ക്ക് സമ്മാനിച്ചത് ഭാഗ്യമാണെന്ന് ഹിമാദാസും കുറിച്ചു.
ബര്‍മിങ്‌ഹാമില്‍ വനിതകളുടെ 50 കിലോ വിഭാഗം ബോക്‌സിങ്ങില്‍ ഇന്ത്യയ്‌ക്കായി സ്വര്‍ണം നേടാന്‍ നിഖാത്തിന് കഴിഞ്ഞിരുന്നു. മത്സരത്തിന്‍റെ ഫൈനലില്‍ വടക്കൻ അയർലൻഡിന്‍റെ കാർലി എംസി നൗലിനെ ഇടിച്ചിട്ടായിരുന്നു നിലവിലെ ലോകചാമ്പ്യന്‍ കൂടിയായ നിഖാത്തിന്‍റെ സ്വര്‍ണ നേട്ടം.
അതേസമയം ബര്‍മിങ്‌ഹാമില്‍ 22 സ്വര്‍ണവും, 16 വെള്ളിയും, 23 വെങ്കലവുമടക്കം 61 മെഡലുകളുമായി നാലാം സ്ഥാനത്താണ് ഇന്ത്യ ഇക്കുറി പോരാട്ടം അവസാനിപ്പിച്ചത്. 2018 ഗോൾഡ് കോസ്റ്റ് ഗെയിംസിലെ 26 സ്വർണം ഉൾപ്പെടെ 66 മെഡൽ എന്ന നേട്ടത്തിൽ എത്താൻ ഇന്ത്യക്ക് കഴിഞ്ഞില്ലെങ്കിലും പല ഇനങ്ങളിലും അപ്രതീക്ഷിതമായി കിട്ടിയ മെഡൽ നേട്ടം ഇരട്ടി മധുരമായി.