ന്യൂഡൽഹി : ലോക വനിത ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് മൂന്നാം സ്വർണം. വനിതകളുടെ 50 കിലോ വിഭാഗത്തിൽ നിഖാത് സരീനാണ് സ്വർണം സ്വന്തമാക്കിയത്. ഫൈനലിൽ വിയറ്റ്‌നാമിന്‍റെ നുയൻ തി ടാമിനെ 5-0 എന്ന ഏകപക്ഷീയമായ സ്‌കോറിനാണ് നിഖാത് ഇടിച്ചിട്ടത്. ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ താരത്തിന്‍റെ രണ്ടാം സ്വർണമാണിത്. നേരത്തെ 2022ലെ ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിലും നിഖാത് സ്വർണം നേടിയിരുന്നു.
ഫൈനൽ പോരാട്ടത്തിൽ കനത്ത മത്സരം കാഴ്‌ചവച്ചാണ് നിഖാത് വിജയം പിടിച്ചെടുത്തത്. ആദ്യ റൗണ്ടിൽ നിഖാത് സരീൻ ആധിപത്യം പുലർത്തിയപ്പോൾ രണ്ടാം റൗണ്ടിൽ വിയറ്റ്നാം താരം തിരിച്ചെത്തി. എന്നാൽ മൂന്നാം റൗണ്ടിലെ തകര്‍പ്പൻ പ്രകടനം താരത്തിന് വിജയം നേടിക്കൊടുക്കുകയായിരുന്നു. 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും നിഖാത് സരീന്‍ സ്വര്‍ണം നേടിയിരുന്നു.
വിജയത്തോടെ ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ഒന്നിലധികം തവണ സ്വർണം നേടുന്ന രണ്ടാമത്തെ താരം എന്ന നേട്ടവും നിഖാത് സ്വന്തമാക്കി. മേരി കോമാണ് നിഖാതിന് മുന്നേ ഈ നേട്ടം കരസ്ഥമാക്കിയ ഇന്ത്യൻ താരം. 2002, 2005, 2006, 2008, 2010, 2018 വർഷങ്ങളിലാണ് മേരി കോം ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം സ്വന്തമാക്കിയിട്ടുള്ളത്.
സ്വർണക്കൊയ്‌ത്ത് : ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യയുടെ സവീറ്റി ബൂറയും, നീതു ഗൻഗാസും സ്വർണം നേടിയിരുന്നു. 81 കിലോ വിഭാഗത്തിലായിരുന്നു സവീറ്റി ബൂറയുടെ സ്വർണ നേട്ടം. ഫൈനലിൽ ചൈനയുടെ വാങ് ലിനയെയാണ് സവീറ്റി പരാജയപ്പെടുത്തിയത്. 4-3 എന്ന സ്‌കോറിനായിരുന്നു താരത്തിന്‍റെ വിജയം. ആദ്യ റൗണ്ടിൽ പിന്നിട്ടുനിന്ന ശേഷം രണ്ടാം റൗണ്ടിൽ ശക്‌തമായി തിരിച്ചെത്തിയായിരുന്നു സവീറ്റി വിജയം സ്വന്തമാക്കിയത്.
വനിതകളുടെ 48 കിലോ വിഭാഗത്തില്‍ മംഗോളിയയുടെ ലുത്‌സൈഖാൻ അൽതാൻസെറ്റ്‌സെഗിനെ കീഴടക്കിയാണ് നീതു ഗൻഗാസ് സ്വര്‍ണം നേടിയത്. 5-0 എന്ന സ്‌കോറിനായിരുന്നു കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവ് കൂടിയായ നീതു ഗൻഗാസിന്‍റെ വിജയം. ഫൈനലില്‍ മംഗോളിയ താരത്തിനെ ഏകപക്ഷീയമായായിരുന്നു 22 കാരിയായ നീതുവിന്‍റെ ജയം.
പെണ്‍പുലികൾ : ഇതോടെ ലോക ബോക്‌സിങ്ങിൽ ഇന്ത്യയ്ക്കായി സ്വർണം നേടുന്ന താരങ്ങളുടെ എണ്ണം ഏഴായി ഉയർന്നു. മേരി കോം (2002, 2005, 2006, 2008, 2010, 2018), സരിത ദേവി (2006), ജെന്നി (2006), ലേഖ (2006), നിഖാത് സരീന്‍(2022), സവീറ്റി ബൂറ(2023), നീതു ഗൻഗാസ്(2023) എന്നിവരാണ് ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി സ്വർണം നേടിയിട്ടുള്ള താരങ്ങൾ.
അതേസമയം ഇന്ത്യൻ താരമായ ലവ്‌ലിന ബോർഗോഹെയ്‌നും ഇന്ന് മറ്റൊരു ഫൈനലിൽ കളത്തിലിറങ്ങുന്നുണ്ട്. ഓസ്ട്രേലിയയുടെ കൈറ്റ്‌ലിൻ പാർക്കറാണ് ഒളിമ്പിക്‌സ് മെഡൽ ജേതാവായ ലവ്‍ലിനയുടെ എതിരാളി. ന്യൂഡല്‍ഹിയാണ് ഇത്തവണത്തെ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത്. സ്വർണമെഡൽ ജേതാക്കൾക്ക് ഒരു ലക്ഷം ഡോളറാണ് (ഏകദേശം 82 ലക്ഷം രൂപ) സമ്മാനത്തുകയായി ലഭിക്കുക.