അബൂജ: ഖത്തര്‍ ലോകകപ്പ് യോഗ്യത നേടാനാവാതെ വന്നതോടെ രോഷാകുലരായ നൈജീരിയന്‍ ആരാധകര്‍ ഗ്രൗണ്ടിലിറങ്ങി ഡഗൗട്ടും പരസ്യ ബോര്‍ഡുകളും തകര്‍ത്തു. രോഷാകുലരായ കാണികളെ കണ്ണീര്‍ വാതകമടക്കം പ്രയോഗിച്ചാണ് പൊലീസ് നിയന്ത്രിച്ചത്. ഇവരില്‍ നിന്നും രക്ഷനേടാന്‍ ഘാന താരങ്ങള്‍ ടണലിലേക്ക് ഓടിക്കയറിയെന്നും, ചില ഘാന ആരാധകരെ നൈജീരിയന്‍ അനുകൂലികള്‍ കയ്യേറ്റം ചെയ്‌തതായും റിപ്പോര്‍ട്ടുണ്ട്.
സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഘാനയ്‌ക്കെതിരെ നൈജീരിയയിലെ അബൂജ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്‍റെ അവസാന വിസില്‍ മുഴങ്ങിയതിന് പിന്നാലെയാണ് അനിഷ്‌ട സംഭവങ്ങളുണ്ടായത്. ആഫ്രിക്കന്‍ മേഖല ക്വാളിഫയറിന്‍റെ ആദ്യ പാദ മത്സരം ഗോള്‍ രഹിത സമനിലയിലായതോടെ ഇന്ന് നടന്ന രണ്ടാം പാദ മത്സരം ഇരുടീമുകള്‍ക്കും നിര്‍ണായകമായിരുന്നു.