സിഡ്‌നി: മുൻ കാമുകിയെ ആക്രമിച്ച കേസില്‍ ശിക്ഷ ലഭിക്കാതെ രക്ഷപ്പെട്ട് ഓസ്‌ട്രേലിയന്‍ ടെന്നിസ് താരം നിക്ക് കിർഗിയോസ്. കിർഗിയോസിനെതിരെ ചുമത്തിയ കുറ്റം ഗൗരവമേറിയതല്ലെന്നാണ് മജിസ്‌ട്രേറ്റ് ജെയ്ൻ കാംപ്‌ബെൽ കണ്ടെത്തിയത്. സംഭവം മുൻകൂട്ടി ആസൂത്രണം ചെയ്‌തതല്ലെന്നുള്‍പ്പെടെയുള്ള കാരണങ്ങളാലാണ് ശിക്ഷ വിധിക്കാതിരുന്നതെന്നും കോടതി വ്യക്തമാക്കി.
കോടതിയിൽ ഹാജരായ 27 കാരനായ കിർഗിയോസ് തനിക്കെതിരായ ആരോപണം സമ്മതിച്ചിരുന്നു. 2021 ജനുവരി 10ന് അന്നത്തെ കാമുകി ചിയാര പാസാരിയെ ഒരു തര്‍ക്കത്തിന് ശേഷം നിലത്തേക്ക് തള്ളിയിട്ടുവെന്നാണ് കിർഗിയോസ് സമ്മതിച്ചത്. കാറില്‍ കയറാന്‍ നില്‍ക്കവെ തന്‍റെ വഴി തടഞ്ഞതിനാലാണ് അങ്ങനെ ചെയ്യേണ്ടി വന്നതെന്നുമാണ് താരം കോടതിയില്‍ പറഞ്ഞത്.
10 മാസം കഴിഞ്ഞ് ഇരുവരും വേർപിരിഞ്ഞ ശേഷമാണ് പസാരി പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ തനിക്ക് കടുത്ത ആഘാതം അനുഭവപ്പെട്ടുവെന്നാണ് പസാരി പരാതിയില്‍ ബോധിപ്പിച്ചിരുന്നത്. സംഭവം ഒറ്റപ്പെട്ടതാണെന്നും അക്കാലയളവില്‍ താരം വിഷാദത്തിന് അടിമപ്പെട്ടിരുന്നുവെന്നും കിർഗിയോസിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. താരത്തെ ചികിത്സിച്ച സൈക്കോളജിസ്റ്റിനെ ഹാജറാക്കി ഇക്കാരം അവര്‍ കോടതിയെ ബോധിപ്പിക്കുകയും ചെയ്‌തു.
അതേസമയം കാൽമുട്ടിനുള്ള ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിച്ചു വരുന്ന കിർഗിയോസ് ഊന്നുവടിയുമായാണ് കോടതിയില്‍ എത്തിയത്. ഇപ്പോഴത്തെ കാമുകിയും അമ്മയും താരത്തോടൊപ്പമുണ്ടായിരുന്നു.
ALSO READ:ജോക്കോ പാകിസ്ഥാനിലെ ക്രിക്കറ്ററായിരുന്നെങ്കിലോ ?; ഇപ്പോള്‍ വീട്ടിലിരിക്കേണ്ടി വന്നേനെയെന്ന് സല്‍മാന്‍ ബട്ട്