റിയോ ഡി ജനീറോ : ബ്രസീലിയൻ സൂപ്പർതാരം നെയ്‌മറിന് വീണ്ടും ശസ്‌ത്രക്രിയ. ബ്രസീലിലെ ബെലോ ഹൊറിസോണ്ടെ നഗരത്തിലാണ് ഇന്ന് ശസ്‌ത്രക്രിയ നടക്കുക. നേരത്തെയും നെയ്‌മറിന്‍റെ ശസ്‌ത്രക്രികൾക്ക് നേതൃത്വം നൽകിയ ദേശീയ ടീം ഡോക്‌ടർ റോഡ്രിഗോ ലാസ്‌മറിന്‍റെ മേൽനോട്ടത്തിൽ തന്നെയായിരിക്കും ശസ്‌ത്രക്രിയ. 2018ൽ കാൽപാദത്തിനേറ്റ പരിക്കിനെ തുടർന്ന് ലാസ്‌മർ നെയ്‌മറിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ബ്രസീലിയൻ ഫുട്‌ബോൾ കോൺഫെഡറേഷൻ പുറത്തിറക്കിയ പ്രസ്‌താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇതോടെ നെയ്‌മറിന് ദീർഘകാലം കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരും. പത്ത് മാസം വരെ വിശ്രമം ആവശ്യമായി വരുമെന്നതിനാൽ 2024 ജൂണിൽ അമേരിക്ക ആതിഥേയത്വം വഹിക്കുന്ന കോപ അമേരിക്ക ചാമ്പ്യൻഷിപ്പിൽ നെയ്‌മറിന്‍റെ സാന്നിധ്യവും സംശയത്തിലാണ്. നെയ്‌മറിന്‍റെ വരവിനായി കാത്തിരുന്ന ഇന്ത്യയിലെ ആരാധകരെയും നിരാശരാക്കുന്നതായിരുന്നു പുതിയ റിപ്പോർട്ടുകൾ. ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ നവി മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മുംബൈ സിറ്റി എഫ്‌സി-അല്‍ ഹിലാല്‍ മത്സരത്തിന് നെയ്‌മർ ഉണ്ടാകില്ല. നവംബർ ആറിന് മുംബൈ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് മത്സരം.
കഴിഞ്ഞ ഒക്‌ടോബർ 17-ന് യുറുഗ്വായ്‌ക്കെതിരായ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിലാണ് നെയ്‌മറിന്‍റെ ഇടത് കാലിലെ ലിഗ്‌മന്‍റിന് പരിക്കേറ്റത്. മത്സരത്തിന്‍റെ ആദ്യ പകുതിക്ക് തൊട്ടുമുമ്പാണ് സൂപ്പർതാരത്തിന് പരിക്കേറ്റത്. യുറുഗ്വായുടെ നിക്കോളാസ് ഡി ലാ ക്രൂസുമായി പന്തിനായുള്ള പോരാട്ടത്തിനിടെയാണ് നെയ്‌മർ കാലിടറി വീണത്.
പിന്നാലെ കാൽ നിലത്തുറപ്പിക്കാൻ ബുദ്ധമുട്ടിയ നെയ്‌മറെ സഹതാരങ്ങളാണ് ഡഗൗട്ടിലെത്തിച്ചത്. വിദഗ്‌ധ പരിശോധനയ്‌ക്കായി സ്ട്രെച്ചറിലാണ് ഗ്രൗണ്ടില്‍ നിന്ന് നെയ്‌മറെ കൊണ്ടുപോയത്. ഈ മത്സരത്തിൽ ബ്രസീൽ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു. നെയ്‌മറിന്‍റെ പരിക്ക് ലോകകപ്പ് യോഗ്യത മത്സരങ്ങൾ കളിക്കുന്ന ബ്രസീലിനും സൗദി പ്രോ ലീഗ് ക്ലബ് അൽ ഹിലാലിനും കനത്ത വെല്ലുവിളിയാണ് സൃഷ്‌ടിക്കുക.
പരിക്ക് വേട്ടയാടിയ കരിയർ :സമീപകാല ഫുട്‌ബോളിൽ പരിക്കേറ്റ് കളംവിട്ട താരങ്ങളുടെ പട്ടികയിലായിരിക്കും നെയ്‌മറിന്‍റെ സ്ഥാനം. 2014-ൽ ബ്രസീൽ ആതിഥേയത്വം വഹിച്ച ലോകകപ്പ് ആരാധകർ ആരും തന്നെ മറക്കാനിടയില്ല. ക്വാർട്ടർ ഫൈനലിൽ കൊളംബിയൻ താരം യുവാൻ സുനിഗയുടെ കടുത്ത ടാക്കിളിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ നെയ്‌മറിന് ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്‌ടമായിരുന്നു. 2018ലെ മെറ്റാറ്ററാസൽ (കണങ്കാലിൽനിന്ന് വിരലിലേക്കുള്ള എല്ലുകൾ) പരിക്ക് കാരണം 16 മത്സരങ്ങളും 2019-ലെ സമാന പരിക്ക് കാരണം 18 മത്സരങ്ങളും 2022ലെ കണങ്കാൽ പരിക്ക് കാരണം 13 കളികളും താരത്തിന് നഷ്‌ടമായിരുന്നു. 2020-ന് ശേഷം വിവിധ പരിക്കുകളാൽ 424 ദിവസമാണ് നെയ്‌മർ കളത്തിൽ നിന്നും മാറിനിന്നത്.
പിഎസ്‌ജിയിൽ നിന്ന് ഏകദേശം 200 മില്യണ്‍ ഡോളറിന്‍റെ (1600 കോടി) രണ്ട് വർഷത്തെ കരാറിലാണ് നെയ്‌മർ അൽ ഹിലാലിൽ എത്തിയത്. താരത്തിന്‍റെ കരാറിൽ ഒരു വർഷം കൂടി ബാക്കിയുണ്ടായിരുന്നതിനാൽ പിഎസ്‌ജിക്ക് ട്രാൻസ്‌ഫർ ഫീസായി 98 മില്യണ്‍ ഡോളർ (800 കോടി) ലഭിച്ചിരുന്നു. 2017ൽ ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാന്‍സ്‌ഫറിലൂടെയാണ് നെയ്‌മര്‍ ബാഴ്‌സലോണയില്‍ നിന്ന് ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയിലേക്ക് എത്തുന്നത്. 222 മില്യണ്‍ യൂറോയായിരുന്നു ട്രാന്‍സ്‌ഫര്‍ തുക.