ദോഹ:ഖത്തര്‍ ലോകകപ്പിനെ ആവേശത്തോടെ വരവേറ്റ കേരളം ലോക ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. അന്താരാഷ്‌ട്ര മാധ്യമങ്ങളില്‍ വാര്‍ത്തയായതോടൊപ്പം ഫിഫയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലും കേരളത്തിന്‍റെ ഈ ഫുട്‌ബോള്‍ പ്രേമം ഇടംപിടിച്ചു. ഇപ്പോഴിതാ ഖത്തര്‍ ലോകകപ്പില്‍ നല്‍കിയ പിന്തുണയ്‌ക്കും സ്‌നേഹത്തിനും കേരളത്തിലെ ആരാധകരോട് നന്ദി പറഞ്ഞിരിക്കുകയാണ് ബ്രസീൽ സൂപ്പര്‍ താരം നെയ്‌മർ.
നെയ്‌മറുടെ ഒഫിഷ്യല്‍ വെബ്‌സൈറ്റിന്‍റെ പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ആരാധകര്‍ക്ക് നന്ദി പറഞ്ഞുള്ള ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നെയ്‌മറുടെ കൂറ്റന്‍ കട്ടൗട്ട് നോക്കിനില്‍ക്കുന്ന ആരാധകന്‍റെയും കുട്ടിയുടെയും ചിത്രം സഹിതമാണ് പോസ്റ്റ്. 'ലോകത്തിലെ എല്ലായിടങ്ങളിൽ നിന്നും സ്നേഹം വരുന്നു! വളരെ നന്ദി, കേരളം, ഇന്ത്യ' എന്നതാണ് ഇതോടൊപ്പമുള്ള കുറിപ്പ്.
അതേസമയം ഖത്തര്‍ ഫിഫ ലോകകപ്പിന്‍റെ ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയാണ് ബ്രസീല്‍ പുറത്തായത്. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളിനായിരുന്നു ബ്രസീലിന്‍റെ തോല്‍വി. എക്‌സ്‌ട്ര ടൈമില്‍ നെയ്‌മറുടെ ഗോളിലൂടെ കാനറികള്‍ മുന്നിലെത്തിയെങ്കിലും പത്ത് മിനിട്ടുകള്‍ക്കകം ക്രൊയേഷ്യയെ ബ്രൂണോ പെറ്റ്കോവിച്ച് ഒപ്പമെത്തിച്ചു.
ഇതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. തോല്‍വിക്ക് പിന്നാലെ കരഞ്ഞുകൊണ്ടാണ് നെയ്‌മറടക്കമുള്ള ബ്രസീല്‍ താരങ്ങള്‍ കളം വിട്ടത്. ഇതിന് പിന്നാലെ 30കാരന്‍റെ അന്താരാഷ്‌ട്ര കരിയര്‍ സംബന്ധിച്ച് ഏറെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ താരം കാനറികള്‍ക്കൊപ്പം തുടരുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
Also read:മെസിയോ എംബാപ്പെയോ?; കിരീടം ആര്‍ക്കെന്ന ചോദ്യത്തിന് തകര്‍പ്പന്‍ മറുപടിയുമായി നെയ്‌മര്‍