പാരീസ് : സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണ വിട്ട് കഴിഞ്ഞ സീസണിലാണ് സൂപ്പര്‍ താരം ലയണല്‍ മെസി ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയിലെത്തിയത്. ബാഴ്‌സയ്‌ക്കായി ഗോളടിച്ച് കൂട്ടിയ താരത്തിന് പിഎസ്‌ജിയ്‌ക്കൊപ്പമുള്ള തുടക്കം ശുഭകരമായിരുന്നില്ല. സീസണില്‍ ഫോം കണ്ടെത്താന്‍ പ്രയാസപ്പെട്ട മെസി ഫ്രഞ്ച് ലീഗ് ഉള്‍പ്പടെ എല്ലാ ചാമ്പ്യന്‍ഷിപ്പുകളില്‍ നിന്നുമായി 11 ഗോളുകളും 15 അസിസ്റ്റും മാത്രമാണ് നേടിയത്.
ഇപ്പോഴിതാ പിഎസ്‌ജിയ്‌ക്കൊപ്പമുള്ള ആദ്യ സീസണില്‍ മെസിക്ക് തിളങ്ങാന്‍ കഴിയാത്തതിന്‍റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്‌മര്‍. ബാഴ്‌സയ്‌ക്കായി വര്‍ഷങ്ങളോളം പന്ത് തട്ടിയ മെസിക്ക് പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിലുള്ള കാലതാമസമാണ് മോശം പ്രകടനത്തിന് പിന്നിലെന്നാണ് നെയ്‌മര്‍ പറയുന്നത്. ഒരു സ്പോര്‍ട്‌സ് മാസികയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് നെയ്‌മറുടെ പ്രതികരണം. ഇപ്പോള്‍ കാര്യങ്ങള്‍ മാറിയെന്നും, അതിന് മെസിയെ സഹായിക്കാന്‍ കഴിഞ്ഞുവെന്നും നെയ്‌മര്‍ പറഞ്ഞു.
''എനിക്ക് ലിയോയെ വളരെക്കാലമായി അറിയാം. കളിക്കളത്തിലും പരിശീലനത്തിനിടയിലുമുള്ള സംസാരങ്ങളിലൂടെ എനിക്ക് അദ്ദേഹത്തെ സഹായിക്കാന്‍ കഴിഞ്ഞു. വര്‍ഷങ്ങളോളം ബാഴ്‌സയ്‌ക്കായി കളിച്ചതിനാല്‍ പെട്ടെന്നുള്ള മാറ്റം ഏറെ പ്രയാസമുള്ളതാണ്. ഇപ്പോള്‍ അവനും കുടുംബവും എല്ലാം മാറിയിരിക്കുന്നു. കാര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട് വരികയാണ്'' - നെയ്‌മര്‍ പറഞ്ഞു.