ദോഹ:ഖത്തര്‍ ലോകകപ്പിന്‍റെ ക്വാര്‍ട്ടറിലെ അപ്രതീക്ഷിത തോല്‍വിയാണ് നെയ്‌മര്‍ക്കും സംഘത്തിനും മടക്ക ടിക്കറ്റ് നല്‍കിയത്. ടൂര്‍ണമെന്‍റിലെ ഫേവറേറ്റുകളായെത്തി കാനറികള്‍ ക്രൊയേഷ്യക്കെതിരായ ക്വാര്‍ട്ടര്‍ മത്സരത്തില്‍ പെനാല്‍ട്ടി ഷൂട്ടിലായിരുന്നു പരാജയപ്പെട്ടത്. തോല്‍വിക്ക് പിന്നാലെ നിറകണ്ണുകളോടെയാണ് നെയ്‌മറുള്‍പ്പെടെയുള്ള ബ്രസീല്‍ താരങ്ങള്‍ കളിക്കളം വിട്ടത്.
ഒടുവില്‍ ഫ്രഞ്ച് ക്ലബില്‍ നെയ്‌മറുടെ സഹ താരങ്ങളായ ലയണല്‍ മെസിയുടെ അര്‍ജന്‍റീനയും കിലിയന്‍ എംബാപ്പെയുടെ ഫ്രാന്‍സുമാണ് ലോകകപ്പിന്‍റെ കലാശപ്പോരിന് യോഗ്യത നേടിയത്. ഇതില്‍ ഏതു ടീമാകും ഖത്തറില്‍ കിരീടം ചൂടുകയെന്ന ചോദ്യത്തിന് ശ്രദ്ധേയമായ മറുപടിയാണ് നെയ്‌മര്‍ നല്‍കിയത്. ആര് കപ്പുയര്‍ത്തുമെന്ന് പറയുക പ്രയാസമാണെന്നും അതിന് മറുപടിയില്ലെന്നുമാണ് താരം പറഞ്ഞത്.
സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണക്കായി ഒന്നിച്ച് കളിച്ചിരുന്ന കാലത്ത് തൊട്ടുള്ള സൗഹൃദമാണ് നെയ്‌മര്‍ക്ക് മെസിയുമായുള്ളത്. പിഎസ്‌ജിയില്‍ നെയ്‌മറും എംബാപ്പെയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പരസ്യമാണ്. ഇതോടെ ഒരു ടീമിനെ തെരഞ്ഞെടുക്കാന്‍ നെയ്‌മര്‍ തയ്യാറായില്ലെങ്കിലും മെസിയുടെ അര്‍ജന്‍റീന ജയിക്കണമെന്ന് തന്നെയാവും നെയ്‌മറുടെ മനസിലെന്നാണ് ആരാധക സംസാരം.
അതേസമയം ഞായറാഴ്‌ച രാത്രി 8.30ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് ഖത്തര്‍ ലോകകപ്പ് ഫൈനല്‍ ആരംഭിക്കുക. നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് കിരീടം നിലനിര്‍ത്താനിറങ്ങുമ്പോള്‍ എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അര്‍ജന്‍റീന വീണ്ടുമൊരു ഫൈനലിനെത്തുന്നത്. പോളണ്ടുകാരനായ സിമോൺ മാർസിനിയാക്കാണ് മത്സരം നിയന്ത്രിക്കുക.
Also read:ഫ്രഞ്ച് ടീമില്‍ പനിപ്പടര്‍ച്ച, കിങ്സ്ലി കോമാനും അസുഖം ; അര്‍ജന്‍റീനയ്‌ക്കെതിരെ ആശങ്ക