റിയോ ഡി ജനീറോ: ഫ്രഞ്ച് ക്ലബ് പാരീസ് സെന്‍റ് ജെർമെയ്‌നുമായുള്ള (പിഎസ്‌ജി) കരാര്‍ പുതുക്കാതിരുന്നതോടെ എഫ്‌സി ബാഴ്‌സലോണയിലേക്ക് അര്‍ജന്‍റൈന്‍ ഇതിഹാസം ലയണല്‍ മെസി Lionel Messi മടങ്ങി എത്തുമെന്ന കണക്ക് കൂട്ടലിലായിരുന്നു ആരാധകര്‍. എന്നാല്‍ തന്‍റെ പുതിയ തട്ടകമായി മേജർ ലീഗ് സോക്കർ (എംഎൽഎസ്) ക്ലബായ ഇന്‍റര്‍ മിയാമിയെ 35-കാരന്‍ തെരഞ്ഞെടുത്ത വിവരം അടുത്തിടെയാണ് പുറത്ത് വന്നത്. ഇപ്പോഴിതാ മെസി പിഎസ്‌ജി വിട്ട് ഇന്‍റർ മിയാമിയിലേക്ക് പോകുന്നുവെന്ന രഹസ്യം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ താന്‍ അറിഞ്ഞിരുന്നുവെന്ന് പ്രതികരിച്ചിരിക്കുകയാണ് സഹതാരമായിരുന്ന ബ്രസീലിയൻ സ്‌ട്രൈക്കർ നെയ്‌മർ.
എൻബിഎ ബ്രസീലിന്‍റെ യുട്യൂബ് ചാനലിലുള്ള ചോദ്യത്തിന് മറുപടി ആയാണ് നെയ്‌മര്‍ ഇക്കാര്യം പറഞ്ഞത്. "അവൻ മിയാമിയില്‍ വരുമെന്ന് എനിക്കറിയാമായിരുന്നു, ഞങ്ങൾ അതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. മിയാമിയിൽ സന്തുഷ്ടനായിരിക്കുമെന്ന് ഞാൻ അവനോട് പറഞ്ഞിരുന്നു". നെയ്‌മര്‍ പറഞ്ഞു.
2013 മുതൽ 2017 വരെ ബാഴ്‌സലോണയിലും പിന്നീട് പിഎസ്‌ജിയില്‍ കഴിഞ്ഞ രണ്ട് സീസണുകളിലും മെസിക്കൊപ്പം കളിച്ച താരമാണ് നെയ്‌മര്‍. മെസിയെക്കുറിച്ച് വളരെ സന്തോഷവാനാണെങ്കിലും താരം തന്നെ വിട്ട് പോകുന്നതില്‍ അല്‍പം സങ്കടമുണ്ടെന്നും ബ്രസീലിയൻ താരം പറഞ്ഞു. മേജർ ലീഗ് സോക്കറിനെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ മെസി സഹായിക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് നെയ്‌മര്‍ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ബുധനാഴ്‌ചയാണ് ലോകകപ്പ് ജേതാവായ മെസി ഇന്‍റർ മിയാമിയിലേക്ക് പോകുന്നത് സംബന്ധിച്ച് സ്ഥിരീകരണമുണ്ടായത്. താരത്തിനായി ബാഴ്‌സലോണ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ലാലിഗയുടെ ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ തിരിച്ചടിയായി. ഇതേ നിയമവുമായി ബന്ധപ്പെട്ടായിരുന്നു 2021-ല്‍ താരം കറ്റാലന്‍ ക്ലബുമായി വേര്‍പിരിഞ്ഞത്.