പാരിസ്:പരിക്കിനെ തുടര്‍ന്ന് ഏറെ നാളായി വിശ്രമത്തിലാണ് ബ്രസീലിന്‍റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്‌മര്‍ ജൂനിയര്‍. 31കാരനായ താരത്തിന് സീസണ്‍ മുഴുവന്‍ പുറത്തിരിക്കേണ്ടിവരുമെന്നാണ് നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. ഇതോടെ 2025വരെ കരാറുണ്ടെങ്കിലും സീസണില്‍ കളിക്കാന്‍ കഴിയാത്ത നെയ്‌മറെ അടുത്ത സീസണിലേക്കായി പിഎസ്‌ജി നിലനിര്‍ത്തുമോയെന്നതുള്‍പ്പെടെയുള്ള ചര്‍ച്ചകളാണ് ആരാധകര്‍ക്കിടയില്‍ നടക്കുന്നത്.
എന്നാല്‍ താരത്തിന്‍റെ ജീവിതത്തിലുണ്ടായ പുതിയ ഒരു സന്തോഷത്തിന്‍റെ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പടരുന്നത്. നെയ്‌മര്‍ വീണ്ടും അച്ഛനാവുന്നുവെന്ന വാര്‍ത്തയാണിത്. താന്‍ ഗര്‍ഭിണിയാണെന്ന വിവരം നെയ്‌മറുടെ കാമുകിയും മോഡലുമായ ബ്രൂണ ബിയാന്‍കാര്‍ഡിയാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്.
തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ബ്രൂണ ബിയാന്‍കാര്‍ഡി തങ്ങളുടെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. നെയ്‌മര്‍ തന്‍റെ വയറില്‍ ചുംബിക്കുന്നതും ചെവിയോര്‍ക്കുന്നതും ഉള്‍പ്പെടെയുള്ള ചിത്രങ്ങളും ബ്രൂണ പുറത്ത് വിട്ടിട്ടുണ്ട്. തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ അംഗത്തെ ക്ഷണിച്ചുകൊണ്ടും, കുഞ്ഞിന്‍റെ വരവിനായി കാത്തിരിക്കുകയാണെന്നും വ്യക്തമാക്കുന്ന ഒരു കുറിപ്പും ബ്രൂണ ചിത്രങ്ങള്‍ക്കൊപ്പം പങ്കുവച്ചിട്ടുണ്ട്.
"നിന്‍റെ ജീവിതത്തെക്കുറിച്ച് ഞങ്ങൾ സ്വപ്‌നങ്ങള്‍ കാണുന്നു. നിന്‍റെ വരവിനായി ഞങ്ങൾ ഒരുക്കങ്ങള്‍ നടത്തുകയാണ്. ഞങ്ങളുടെ സ്നേഹം പൂർത്തികരിക്കാന്‍, നീ ഇവിടെയുണ്ടെന്ന് അറിയുന്നത് ഞങ്ങളുടെ ദിവസങ്ങൾ കൂടുതൽ സന്തോഷകരമാക്കുന്നു.
ഇതിനകം തന്നെ വളരെയധികം സ്നേഹിക്കുന്ന നിന്‍റെ സഹോദരൻ, മുത്തശ്ശിമാർ, അമ്മാവൻമാർ, അമ്മായിമാർ എന്നിവരോടൊപ്പം മനോഹരമായ ഒരു കുടുംബത്തിലേക്കാണ് നീ എത്തിച്ചേരുന്നത്. വേഗം വരൂ മകനേ/മകളേ, ഞങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുകയാണ്!." എന്ന് പോര്‍ച്ചുഗീസ് ഭാഷയിലാണ് ബ്രൂണ കുറിച്ചത്.