പാരിസ്: ബ്രസീലിയൻ സൂപ്പർ താരം നെയ്‌മർ ജൂനിയർ സൗദിയിലേക്കെന്ന് സൂചന. സൗദി ക്ലബ് അൽ ഹിലാലുമായി ധാരണയിലെത്തിയതായാണ് റിപ്പോർട്ടുകൾ. ഏകദേശം 160 മില്യൺ യൂറോയുടെ വാർഷിക കരാറാണ് അൽ ഹിലാൽ നെയ്‌മറിന് നൽകിയിട്ടുള്ളത്. രണ്ട് വർഷത്തേക്കാണ് കരാർ. ഇന്ന് തന്നെ മെഡിക്കൽ പരിശോധന പൂർത്തിയാക്കി കരാറൊപ്പിട്ടേക്കുമെന്നാണ് പ്രമുഖ സ്‌പോർട്‌സ് ജേർണലിസ്റ്റ് ഫാബ്രീസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നത്.
2017ൽ റെക്കോര്‍ഡ് ട്രാന്‍സ്ഫറിലൂടെയാണ് നെയ്മര്‍ ബാര്‍സയില്‍ നിന്ന് പിഎസ്ജിയിലേക്ക് എത്തുന്നത്. 222 മില്യണ്‍ യൂറോയായിരുന്നു ട്രാന്‍സ്ഫര്‍ തുക. നെയ്‌മറിനെ ടീമിലെത്തിക്കുന്നതിനായി മുൻ ക്ലബായ ബാഴ്‌സലോണയും ശ്രമം നടത്തുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് സൗദിയിലേക്ക് പോകുന്നതിന്‍റെ കൂടുതൽ സാധ്യതകൾ പുറത്തുവരുന്നത്.
നെയ്‌മറിനെ അൽ ഹിലാലിന് കൈമാറുന്നതിലൂടെ 100 മില്യൺ യൂറോ എന്ന ഭീമൻ തുകയാണ് പിഎസ്‌ജിക്ക് ലഭിക്കുക. കഴിഞ്ഞ സീസണിന്‍റെ അവസാനം മുതൽ നെയ്‌മർ പിഎസ്‌ജി വിടാനുള്ള താത്‌പര്യം ക്ലബ് അധികൃതരെ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെയാണ് രണ്ട് വർഷം കരാർ ബാക്കിയുള്ള താരത്തെ വിൽക്കാൻ ക്ലബും മുന്നിട്ടിറങ്ങിയത്.
പിഎസ്‌ജി കൂടുമാറ്റത്തിൽ തകർന്ന ബ്രസീലിയൻ വിസ്‌മയം ; ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന സമയത്ത് ബാഴ്‌സലോണ വിട്ട് ഫ്രഞ്ച് ലീഗ് ക്ലബായ പിഎസ്‌ജിയിൽ ചേർന്നതാണ് കരിയറിന്‍റെ താളംതെറ്റിച്ചത്. 2017ൽ റെക്കോഡ് ട്രാൻസ്‌ഫർ തുകയായ 222 മില്യൺ യുറോയ്‌ക്കാണ് താരം ഫ്രഞ്ച് വമ്പൻമാർക്കൊപ്പം ചേർന്നത്. അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും മോശപ്പെട്ട തീരുമാനങ്ങളിലൊന്നായാണ് പലരും ഇതിനെ കണക്കാക്കുന്നത്.