ദോഹ: ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ സൂചന നല്‍കി ബ്രസീല്‍ സൂപ്പര്‍ താരം നെയ്‌മര്‍. ഇത് വളരെ വേദന നിറഞ്ഞ ഒരു നിമിഷമാണെന്നും രാജ്യത്തിനായി വരും വര്‍ഷങ്ങളില്‍ കളിക്കുന്ന കാര്യത്തില്‍ നൂറ് ശതമാനം ഉറപ്പ് പറയാന്‍ സാധിക്കില്ലെന്നും നെയ്‌മര്‍ അഭിപ്രായപ്പെട്ടു. ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോട് തോറ്റ് ടീം പുറത്തായതിന് പിന്നാലെയാണ് ബ്രസീലിയന്‍ സൂപ്പര്‍ താരം ഇക്കാര്യം വ്യക്തമാക്കിയത്.
'ദേശീയ ടീമിലേക്കുള്ള വാതിലുകളൊന്നും ഞാന്‍ പൂര്‍ണാമായി കൊട്ടിയടയ്‌ക്കുന്നില്ല. എന്നാല്‍ ടീമില്‍ തുടരുമെന്ന കാര്യത്തിലും എനിക്ക് നൂറ് ശതമാനം ഉറപ്പ് നല്‍കാന്‍ സാധിക്കില്ല. ടീമിനും തനിക്കും ഉചിതമായെന്ത് എന്നതിനെ കുറിച്ച് ചിന്തിക്കേണ്ടതുണ്ട്.
കഴിഞ്ഞ ലോകകപ്പില്‍ സംഭവിച്ചതിനേക്കാള്‍ വേദനാജനകമാണ് ഇന്നുണ്ടായത്. ഈ നിമിഷത്തെ എങ്ങനെ വിവരിക്കണമെന്ന് എനിക്കറിയില്ല. എന്‍റെ ടീമിന്‍റെ പ്രകടനത്തില്‍ എനിക്ക് അഭിമാനമുണ്ടെന്നും ക്വാര്‍ട്ടര്‍ പോരാട്ടത്തിന് ശേഷം നെയ്‌മര്‍ അഭിപ്രായപ്പെട്ടു.
ക്രൊയേഷ്യയോട് തോല്‍വി വഴങ്ങിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് നെയ്‌മര്‍ സ്റ്റേഡിയം വിട്ടത്. മത്സരത്തിന്‍റെ എക്‌സ്ട്ര ടൈമില്‍ നേടിയ ഗോളോട് കൂടി ബ്രസീലിന്‍റെ മികച്ച ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ഇതിഹാസ താരം പെലയ്‌ക്കൊപ്പം എത്താനും നെയ്‌മറിന് സാധിച്ചു. ക്വാര്‍ട്ടറില്‍ നെയ്‌മറിന്‍റെ ഈ ഗോളിന് മുന്നിലെത്തിയ ബ്രസീല്‍ ഒരു ഗോള്‍ സമനില വഴങ്ങിയ ശേഷമായിരുന്നു ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടത്.
ഖത്തറില്‍ തുടര്‍ച്ചയായ മൂന്നാം ലോകകപ്പ് കളിക്കാനായാണ് നെയ്‌മര്‍ ബ്രസീല്‍ ജേഴ്‌സിയിലിറങ്ങിയത്. 2014ല്‍ സ്വന്തം നാട്ടില്‍ കിരീടം സ്വപ്‌നം കണ്ടിറങ്ങിയ കാനറിപ്പടയുടെ പ്രധാന പോരാളിയായിരുന്നു സൂപ്പര്‍ താരം നെയ്‌മര്‍. ക്വാര്‍ട്ടറില്‍ കൊളംബിയന്‍ താരം യുവാന്‍ സുനിഗയുടെ മാരക ഫൗളില്‍ പരിക്കേറ്റ് സുല്‍ത്താന്‍ മടങ്ങിയതിന് പിന്നാലെ സെമി ഫൈനലില്‍ ജര്‍മനിയേട് വമ്പന്‍ തോല്‍വി വഴങ്ങിയാണ് ബ്രസീലിയന്‍ ടീം ലോകകപ്പ് യാത്ര അവസാനിപ്പിച്ചത്.
2018ല്‍ റഷ്യയിലും നെയ്‌മറിന്‍റെ ബ്രസീല്‍ ഫേവറേറ്റ്‌സുകളായിരുന്നു. അന്ന് ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തോടാണ് ടീമിന്‍റെ പോരാട്ടം അവസാനിച്ചത്. ലോകകിരീടം ലക്ഷ്യമിട്ട് തന്നെയാണ് ബ്രസീലും 30 കാരനായ നെയ്‌മറും ഖത്തറില്‍ എത്തിയത്. എന്നാല്‍ ക്വാര്‍ട്ടറില്‍ അവസാന പെനാല്‍റ്റി കിക്ക് എടുക്കാന്‍ പോലും സാധിക്കാതെ സൂപ്പര്‍ താരത്തിന് കളം വിടേണ്ടി വന്നു.
Also Read:നെഞ്ചിടിഞ്ഞ് കണ്ണീരോടെ നെയ്‌മര്‍, ആശ്വാസവാക്കുകളുമായി ഓടിയെത്തി ക്രൊയേഷ്യന്‍ താരം ഇവാന്‍ പെരിസിച്ചിന്‍റെ മകന്‍ ; സ്നേഹാര്‍ദ്ര നിമിഷം