പാരീസ് : ലോകകപ്പ് ആവേശത്തിന് പിന്നാലെ ഫ്രഞ്ച് ലീഗിൽ കളത്തിലിറങ്ങിയ പിഎസ്‌ജി സ്‌ട്രോസ്ബെർഗിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ടീം വിജയം നേടിയത്. മാർക്വീഞ്ഞോസും, കിലിയൻ എംബാപ്പെയുമാണ് ഗോളുകൾ നേടിയത്. എന്നാൽ മത്സരത്തിന്‍റെ 62-ാം മിനിട്ടിൽ ചുവപ്പ് കാർഡ് കണ്ട് സൂപ്പർ താരം നെയ്‌മർ പുറത്തായത് ആരാധകരെയാകെ ഞെട്ടിച്ചിരുന്നു.
പൊതുവെ മൈതാനത്ത് നെയ്‌മർ പുറത്തെടുക്കാറുള്ള 'അഭിനയം' ഇത്തവണ താരത്തിന് തന്നെ പണികൊടുക്കുകയായിരുന്നു. മിനിട്ടുകളുടെ വ്യത്യാസത്തിൽ രണ്ട് മഞ്ഞക്കാർഡുകൾ വാങ്ങിക്കൂട്ടിയതോടെയാണ് താരത്തിന് ചുവപ്പ് കാർഡ് കണ്ട് പുറത്തേക്ക് പോകേണ്ടിവന്നത്. അർഹതയില്ലാത്ത ഫൗൾ നേടിയെടുക്കുന്നതിനായി അനാവശ്യമായി ബോക്‌സിനുള്ളിൽ ഡൈവിങ് നടത്തിയതിനാണ് നെയ്‌മർക്ക് രണ്ടാം മഞ്ഞക്കാർഡ് ലഭിച്ചത്.