ദോഹ : ഖത്തറിലെ ലോകകപ്പ് വിജയത്തിന് അര്‍ജന്‍റൈന്‍ നായകന്‍ ലയണല്‍ മെസിയെ അഭിനന്ദിച്ച് ബ്രസീല്‍ സൂപ്പര്‍താരം നെയ്‌മര്‍. 'അഭിനന്ദനങ്ങള്‍ സഹോദരാ' എന്നാണ് നെയ്‌മര്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. സ്പാനിഷ് ഭാഷയിലുള്ള പോസ്റ്റില്‍ ഗോള്‍ഡന്‍ ബോളുമായി ലോകകപ്പിനെ തലോടുന്ന മെസിയുടെ ചിത്രവും നെയ്‌മര്‍ പങ്കുവച്ചിട്ടുണ്ട്.
സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണയ്‌ക്കായി പന്തുതട്ടുമ്പോള്‍ തുടങ്ങിയ ആത്മബന്ധമാണ് നെയ്‌മര്‍ക്ക് മെസിയുമായുള്ളത്. നിലവില്‍ ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയുടെ താരങ്ങളാണ് ഇരുവരും. അതേസമയം ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായിരുന്ന ഫ്രാന്‍സിനെ കീഴടക്കിയാണ് അര്‍ജന്‍റീന കിരീടം ചൂടിയത്.
പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ 4-2ന് ആയിരുന്നു ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരുടെ വിജയം. അര്‍ജന്‍റീനയുടെ മൂന്നാം ലോകകിരീടമാണിത്. നേരത്തെ 1978, 1986 വര്‍ഷങ്ങളിലായിരുന്നു സംഘം ടൂര്‍ണമെന്‍റ് വിജയിച്ചത്.