മുംബൈ : കാത്തിരിപ്പിന് വിരാമം. ഫുട്‌ബോളിന്‍റെ സുൽത്താൻ സാക്ഷാൽ നെയ്‌മർ ജൂനിയർ (Neymar) ഇന്ത്യയിലേക്കെത്തുന്നു. എഎഫ്‌സി ചാമ്പ്യൻസ് ലീഗ് (AFC Champions League) മത്സരങ്ങൾക്കായാണ് സൗദി അറേബ്യൻ ക്ലബ് അൽ ഹിലാലിന്‍റെ (Al Hilal SFC) താരമായ നെയ്‌മർ ഇന്ത്യയിലേക്ക് എത്തുക. ഇന്ന് നടന്ന എഎഫ്‌സി ചാമ്പ്യൻസ് ലീഗ് നറുക്കെടുപ്പിൽ സൗദി ക്ലബ് അൽ ഹിലാലും ഇന്ത്യൻ ക്ലബ് മുംബൈ സിറ്റി എഫ്‌സിയും (Mumbai City FC) ഒരേ ഗ്രൂപ്പിൽ വന്നതോടെയാണ് ബ്രസീലിയൻ സൂപ്പർ താരത്തിനെ നേരിട്ട് കാണാൻ ഇന്ത്യൻ ആരാധകർക്ക് അവസരമൊരുങ്ങിയത്. ഗ്രൂപ്പ് ഡിയിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുക.
പൂനെയിലെ ഛത്രപതി സ്‌പോർട്‌സ് കോംപ്ലെക്‌സിലായിരിക്കും (Chhatrapati sports complex) മത്സരം നടക്കുക. നേരത്തെ മുംബൈയിലെ ഫുട്‌ബോൾ അരീനയിലായിരുന്നു മുംബൈ സിറ്റി ഹോം മത്സരങ്ങൾ കളിച്ചിരുന്നത്. എന്നാൽ അവിടുത്തെ സൗകര്യങ്ങൾ പരിമിതമായതിനാൽ വേദി ഛത്രപതി സ്‌പോർട്‌സ് കോംപ്ലെക്‌സിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. 12,000 ന് അടുത്താണ് സ്റ്റേഡിയത്തിലെ സീറ്റിങ് കപ്പാസിറ്റി.
സെപ്റ്റംബർ 18 മുതലാണ് എഎഫ്‌സി ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്ക് തുടക്കമാകുന്നത്. മലേഷ്യയിലെ ക്വലാലംപുരിലാണ് എഎഫ്‌സി ചാമ്പ്യൻസ് ലീഗിന്‍റെ നറുക്കെടുപ്പ് നടന്നത്. മുംബൈ സിറ്റിക്കും അൽ ഹിലാലിനുമൊപ്പം ഇറാനിൽ നിന്നുള്ള എഫ്‌സി നസ്സാജി മസാൻദരനും ഉസ്‌ബെക്കിസ്‌താൻ ക്ലബ് നവ്‌ബഹോറുമാണ് ഗ്രൂപ്പ് ഡിയിൽ ഇടം പിടിച്ചത്. നേരത്തെ തന്നെ പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്‌റോ, നെയ്‌മറിന്‍റെ അൽ ഹിലാലോ ഇന്ത്യയിലേക്ക് എത്തുമെന്ന കാര്യം ഉറപ്പായിരുന്നു.
റൊണാൾഡോ ഇല്ലെങ്കിലെന്താ.. നെയ്‌മർ ഇല്ലേ : സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ (Cristiano Ronaldo) ഇന്ത്യയിലേക്ക് എത്തുമെന്ന ആകാംക്ഷയിലായിരുന്നു രാവിലെ മുതൽ ആരാധകർ. എന്നാൽ ടീമുകൾക്കായുള്ള നറുക്കെടുപ്പിൽ മുംബൈ സിറ്റി ഉൾപ്പെട്ടെ ഗ്രൂപ്പിലേക്ക് നെയ്‌മറുടെ ഇപ്പോഴത്തെ ക്ലബായ അൽ ഹിലാൽ എത്തുകയായിരുന്നു. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസ്ര്‍ എഫ്‌സി (Al-Nassr FC) ഗ്രൂപ്പ് ഇ യിലാണ് ഇടംപിടിച്ചത്. ദിവസങ്ങൾക്ക് മുൻപാണ് പിഎസ്‌ജിയിൽ നിന്ന് നെയ്‌മർ സൗദി ക്ലബായ അൽ ഹിലാലിലേക്ക് എത്തിയത്.
അതേസമയം പരിക്ക് കാരണം നെയ്‌മർ ക്ലബിൽ ഇതുവരെ അരങ്ങേറ്റം കുറിച്ചിട്ടില്ല. താരത്തിന്‍റെ അരങ്ങേറ്റം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷ. ഈ സീസണില്‍ നെയ്‌മർക്ക് പുറമെ റൂബന്‍ നെവസ്, കലിദു കുലിബാലി, മിലിന്‍കോവിച്ച് സാവിച്ച് തുടങ്ങിയവരെയും അല്‍ ഹിലാല്‍ സ്വന്തമാക്കിയിരുന്നു. എഎഫ്‍സി ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ വിജയമുള്ള ടീമാണ് നെയ്‌മറുടെ പുതിയ ക്ലബായ അല്‍ ഹിലാല്‍. 18 സൗദി പ്രൊ ലീഗും 4 ഏഷ്യൻ ചാംപ്യൻസ് ലീഗും ഉൾപ്പെടെ 66 മേജർ ട്രോഫികൾ ക്ലബ് ഇതുവരെ നേടിയിട്ടുണ്ട്.
40 ടീമുകൾ 10 ഗ്രൂപ്പുകളായി : ഏഷ്യയിലെ വിവിധ ലീഗുകളില്‍ ഒന്നാം സ്ഥാനക്കാരായ 40 ടീമുകളെ 10 ഗ്രൂപ്പായി തിരിച്ചാണ് എഎഫ്‌സിചാമ്പ്യന്‍സ് ലീഗിലെ പ്രാഥമിക ഘട്ട മത്സരങ്ങൾ നടക്കുക. ഇതില്‍ വെസ്റ്റ് സോണില്‍ നിന്ന് അഞ്ച് ഗ്രൂപ്പുകളും ഈസ്റ്റ് സോണിൽ നിന്ന് അഞ്ച് ഗ്രൂപ്പുകളും ഉൾപ്പെടുന്നു. ഓരോ ഗ്രൂപ്പിലെയും ജേതാക്കളും രണ്ടാം സ്ഥാനത്തെത്തുന്ന മികച്ച മൂന്ന് രണ്ടാം സ്ഥാനക്കാരുമാണ് നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടുക.
അതേസമയം എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ രണ്ടാം തവണയാണ് മുംബൈ സിറ്റി എഫ്‌സി ഗ്രൂപ്പ് മത്സരം കളിക്കുന്നത്. കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പില്‍ ഇറാഖ് എയർ ഫോഴ്‌സ് ടീമിനെ മുംബൈ സിറ്റി എഫ്‌സി പരാജയപ്പെടുത്തിയിരുന്നു. എഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ മത്സരം ജയിക്കുന്ന ആദ്യ ഇന്ത്യന്‍ ടീം എന്ന നേട്ടവും ഇതോടെ മുംബൈ സിറ്റി എഫ്‌സി സ്വന്തമാക്കിയിരുന്നു.