റിയാദ് :ബ്രസീലിയന്‍ സൂപ്പര്‍ ഫുട്‌ബോളര്‍ നെയ്‌മറിനും കാമുകി ബ്രൂണ ബിയാന്‍കാര്‍ഡിക്കും പെൺകുഞ്ഞ് (Neymar and Girlfriend Bruna Biancardi Welcomes Baby Girl). തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ അതിഥി എത്തിയതായി വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ കഴിഞ്ഞ ദിവസമാണ് നെയ്‌മറും (Neymar) ബ്രൂണ ബിയാന്‍കാര്‍ഡിയും അറിയിച്ചത്. കുഞ്ഞിന് മാവി (Mavie) എന്നാണ് പേരിട്ടിരിക്കുന്നതെന്ന് നെയ്‌മര്‍ എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു.
പോർച്ചുഗീസ് ഭാഷയിലാണ് നെയ്‌മറിന്‍റെ എക്‌സ് പോസ്റ്റ്. "ഞങ്ങളുടെ മാവി ഞങ്ങളുടെ ജീവിതം പൂർത്തിയാക്കാൻ എത്തിയിരിക്കുന്നു. സ്വാഗതം മകളേ, നീ ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഞങ്ങളെ തിരഞ്ഞെടുത്തതിന് നന്ദി"- 31-കാരനായ നെയ്‌മര്‍ എക്‌സില്‍ കുറിച്ചു.
നെയ്‌മറും ബ്രൂണ ബിയാന്‍കാര്‍ഡിയും (Bruna Biancardi) മകള്‍ക്കൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്. ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ബ്രൂണ ബിയാന്‍കാര്‍ഡി തന്‍റെ സന്തോഷം ആരാധകരെ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ താന്‍ ഗര്‍ഭിണിയാണെന്ന വിവരം ബ്രൂണ ബിയാന്‍കാര്‍ഡി വെളിപ്പെടുത്തിയിരുന്നു.
കുഞ്ഞിന്‍റെ വരവിനായി ഒരുക്കം നടത്തുന്നതായും തങ്ങളുടെ പ്രണയം പൂർത്തീകരിക്കാനാണ് അവള്‍ എത്തുന്നതെന്നും എഴുതിക്കൊണ്ട് നെയ്‌മര്‍ തന്‍റെ വയറ്റില്‍ ചുംബിക്കുന്നതും ചെവിയോര്‍ക്കുന്നതും ഉള്‍പ്പടെയുള്ള ചിത്രങ്ങളും ബ്രൂണ ബിയാന്‍കാര്‍ഡി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്‌ക്കുകയായിരുന്നു. മനോഹരമായ ഒരു കുടുംബത്തിലേക്കാണ് കുഞ്ഞ് എത്തിച്ചേരുന്നതെന്നും അതിനായുള്ള കാത്തിരിപ്പിലാണെന്നും ബ്രൂണ തന്‍റെ പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.
2021ലാണ് മോഡലും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ബ്രൂണ ബിയാന്‍കാര്‍ഡിയും നെയ്‌മറും തമ്മില്‍ പ്രണയത്തിലാവുന്നത്. 2022 ജനുവരിയിലാണ് തങ്ങളുടെ ബന്ധം ഇരുവരും സ്ഥിരീകരിച്ചത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചുകൊണ്ടായിരുന്നു ഇത്.
പിന്നീട് നെയ്‌മര്‍- ബ്രൂണ ബിയാന്‍കാര്‍ഡി വിവാഹ നിശ്ചയം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നിരുന്നുവെങ്കിലും അത് നടന്നിരുന്നില്ല. ഇതിനിടെ ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ആരാധക ലോകത്ത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. മറ്റ് സ്‌ത്രീകളുമായി നെയ്‌മര്‍ക്കുള്ള ബന്ധമാണ് ഇരുവരുടേയും ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്‌ത്തിയത്.
ഒടുവില്‍ കഴിഞ്ഞ ജൂണില്‍ ബ്രൂണയോട് തന്‍റെ തെറ്റുകള്‍ ഏറ്റുപറഞ്ഞ നെയ്‌മര്‍ പരസ്യമായി മാപ്പുപറയുകയും ചെയ്‌തിരുന്നു. ബ്രൂണയില്ലാതെ ഒന്നും തന്നെ തനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. തങ്ങളുടെ ബന്ധം തുടരുകയും പിറക്കാനിരിക്കുന്ന കുഞ്ഞിനോടുള്ള സ്നേഹം വിജയിക്കുകയും വേണം. പരസ്പരമുള്ള സ്നേഹത്തിന് നമ്മളെ കൂടുതൽ ശക്തരാക്കാന്‍ കഴിയും. താന്‍ ബ്രൂണയെ ഏറെ സ്‌നേഹിക്കുന്നതായും നെയ്‌മര്‍ തന്‍റെ ക്ഷമാപണ പോസ്റ്റില്‍ പറഞ്ഞിരുന്നു.
ALSO READ: Real Madrid Reels Kiliye Kiliye Song : നാപ്പോളിക്കെതിരായ ഗോളുകള്‍ കോര്‍ത്ത് എസ് ജാനകിയുടെ 'കിളിയേ,കിളിയേ' ; ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്‌ത് റയല്‍
ബ്രൂണ ഗര്‍ഭിണിയായിരിക്കെ ബ്ലോഗറും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ ഫെർണാണ്ട കാംപോസുമായി നെയ്‌മറെ ചേര്‍ത്തുവച്ചുള്ള റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. ഇതിന് പിന്നാലെയായിരുന്നു നെയ്‌മര്‍ ബ്രൂണയോട് ക്ഷമ ചോദിച്ചത്. അതേസമയം നെയ്‌മറുടെ രണ്ടാമത്തെ കുഞ്ഞാണിത്. ആദ്യ കാമുകി കരോലീന നോഗിര ഡാന്‍റാസില്‍ നെയ്‌മര്‍ക്ക് ഒരു മകന്‍ പിറന്നിരുന്നു. ഡേവിഡ് ലൂക്ക ഡി സില്‍വയെന്നാണ് മകന്‍റെ പേര്. തന്‍റെ 19-ാം വയസിലാണ് നെയ്‌മര്‍ ലൂക്കയുടെ അച്ഛനാവുന്നത്.