ബ്രസീലിയ: ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയ്‌ക്കെതിരെ തുറന്നടിച്ച് മുന്‍ സ്‌ട്രൈക്കര്‍ നെയ്‌മര്‍ ജൂനിയര്‍ (Neymar against PSG). ക്ലബിനൊപ്പമുള്ള അവസാന മാസങ്ങള്‍ തനിക്കും ലയണല്‍ മെസിയ്‌ക്കും നരക തുല്യമായിരുന്നു എന്നാണ് നെയ്‌മര്‍ (Neymar) പറയുന്നത്. ബ്രസീലിയന്‍ മാധ്യമമായ ഗ്ലോബോയോടാണ് പിഎസ്‌ജിയിലെ (PSG) അവസാന നാളുകളില്‍ താനും മെസിയും സന്തുഷ്‌ടരായിരുന്നില്ലെന്ന് നെയ്‌മര്‍ വെളിപ്പെടുത്തിയത്.
''ലയണല്‍ മെസിയുടെ (Lionel Messi) കഴിഞ്ഞ വര്‍ഷത്തില്‍ ഞാന്‍ ഏറെ സന്തോഷവാനും, അതേസമയം ദുഃഖിതനുമായിരുന്നു. കാരണമെന്തെന്നാല്‍ മെസിയുടെ അപ്പോഴത്തെ ജീവിതം ഒരു നാണയത്തിന്‍റെ രണ്ട് വശങ്ങള്‍ പോലെ ആയിരുന്നു. അര്‍ജന്‍റൈന്‍ ദേശീയ ടീമിനൊപ്പം അദ്ദേഹത്തിന്‍റേത് സ്വര്‍ഗ തുല്യമായ ദിവസങ്ങളായിരുന്നു.
സമീപകാലത്തായി എല്ലാം നേടാന്‍ മെസിക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ മറുവശത്ത് പാരിസില്‍ നരകതുല്യമായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം. ഞങ്ങള്‍ ആ നരകത്തിലാണ് ജീവിച്ചത്. ഞങ്ങള്‍ അവിടെ അസ്വസ്ഥരായിരുന്നു.
ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഞങ്ങളുടെ ഏറ്റവും മികച്ചത് നല്‍കാനും ചാമ്പ്യന്മാരാവാനും ചരിത്രമെഴുതാനുമാണ് ഞങ്ങള്‍ അവിടെ ചെന്നത്. അതിനാണ് ഞങ്ങള്‍ വീണ്ടും ഒരുമിച്ച് കളിക്കാന്‍ തുടങ്ങിയത്. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ക്ക് അതിന് സാധിച്ചില്ല'' - നെയ്‌മര്‍ പറഞ്ഞു.
ലയണല്‍ മെസി, നെയ്‌മര്‍, കിലിയന്‍ എംബാപ്പെ (kylian mbappe) ത്രയത്തിന്‍റെ മികവില്‍ കിട്ടാക്കനിയായ ചാമ്പ്യന്‍സ് ലീഗായിരുന്നു പിഎസ്‌ജി സ്വപ്‌നം കണ്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ പ്രീ ക്വാര്‍ട്ടര്‍ കടക്കാന്‍ ടീമിന് കഴിഞ്ഞിരുന്നില്ല. ജര്‍മ്മന്‍ ക്ലബായ ബയേണ്‍ മ്യൂണിക്കിനോടായിരുന്നു ഫ്രഞ്ച് ക്ലബിന്‍റെ കീഴടങ്ങല്‍.
ബാഴ്‌സയില്‍ നിന്നും നെയ്‌മര്‍ക്ക് പിന്നാലെ 2021-ല്‍ രണ്ട് വര്‍ഷത്തെ കരാറിലായിരുന്നു മെസി പിഎസ്‌ജിയിലേക്ക് എത്തിയത്. 2022-ലെ ഖത്തര്‍ ലോകകപ്പിനിടെ തന്നെ മെസിയുടെ കരാര്‍ പുതുക്കാന്‍ പിഎസ്‌ജി ശ്രമം നടത്തിയിരുന്നുവെങ്കിലും താരം വഴങ്ങിയില്ല. തന്‍റെ പഴയ ക്ലബായ ബാഴ്‌സലോണയിലേക്ക് തിരികെ പോകാനായിരുന്നു മെസി ആദ്യം ലക്ഷ്യം വച്ചിരുന്നത്.
ഇതിനിടെ സൗദി പ്രോ ലീഗിലെ ഒരു ക്ലബുമായി ബന്ധപ്പെടുത്തിയും 35-കാരന്‍റെ പേര് കേട്ടിരുന്നുവെങ്കിലും അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ ലീഗ് ടീം ഇന്‍റര്‍ മയാമിയെ താരം തന്‍റെ പുതിയ തട്ടകമായി തെരഞ്ഞെടുത്തു. മെസി ക്ലബ് വിട്ടതിന് പിന്നാലെ നെയ്‌മര്‍ സൗദി ക്ലബ് അല്‍ ഹിലാലിലേക്ക് (Al Hilal) മാറിയിരുന്നു. ഫ്രഞ്ച് ക്ലബുമായി ആറ് വര്‍ഷത്തോളമായുള്ള ബന്ധമായിരുന്നു നെയ്‌മര്‍ അവസാനിപ്പിച്ചത്.
2017-ല്‍ 222 മില്യണ്‍ യൂറോ എന്ന റെക്കോഡ് തുകയ്‌ക്കായിരുന്നു നെയ്‌മറെ പിഎസ്‌ജി പാരിസിലേക്ക് എത്തിച്ചിരുന്നത്. 31-കാരനുമായി 2025 വരെ പിഎസ്‌ജിക്ക് കരാറുണ്ടായിരുന്നു. എന്നാല്‍ കിലിയന്‍ എംബാപ്പെയുമായുള്ള തര്‍ക്കങ്ങള്‍ ഉള്‍പ്പെടെയുള്ള കാരണത്താല്‍ നെയ്‌മറെ കയ്യൊഴിയാന്‍ പിഎസ്‌ജി പദ്ധതിയിടുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
നിലവില്‍ രണ്ട് വര്‍ഷത്തെ കരാറാണ് നെയ്‌മറും അല്‍ ഹിലാലും തമ്മിലുള്ളത്. ഏകദേശം 200 മില്യണ്‍ ഡോളറിന്‍റെ (1600 കോടി രൂപ) ആണ് കരാര്‍ തുക. അതേസമയം പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് (cristiano ronaldo) പിന്നാലെ വമ്പന്‍ താരങ്ങളുടെ ഒരു നീണ്ട നിര തന്നെ സൗദിയിലേക്ക് എത്തിയിരുന്നു. നെയ്‌മര്‍ക്ക് മുന്നെ കരീം ബെന്‍സേമ (Karim Benzema), എന്‍ഗോളോ കാന്‍റെ (N'Golo Kante), ഖാലിദൗ കൗലിബാലി (Kalidou Koulibaly), സാദിയോ മാനെ (Sadio Mane) തുടങ്ങിയവരും സൗദിയില്‍ എത്തിയിട്ടുണ്ട്.