ദോഹ :ഖത്തര്‍ ലോകകപ്പിന്‍റെ പ്രീ ക്വാര്‍ട്ടറില്‍ കൊറിയയ്‌ക്കെതിരായ ബ്രസീലിന്‍റെ വിജയം എതിരാളികള്‍ക്ക് ചങ്കിടിപ്പേറ്റുന്നതാണ്. അട്ടിമറി സ്വപ്‌നം കണ്ടിറങ്ങിയ ഏഷ്യന്‍ കരുത്തരെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് കാനറികള്‍ തകര്‍ത്തുവിട്ടത്. സ്‌റ്റേഡിയം 974ല്‍ നടന്ന മത്സരത്തിന്‍റെ തുടക്കം തൊട്ടുതന്നെയുള്ള ആക്രമണത്തിലൂടെ കാനറികള്‍ നയം വ്യക്തമാക്കിയിരുന്നു.
തുടര്‍ന്ന് ആദ്യ പകുതിയില്‍ തന്നെ സംഘം ഗോള്‍ പട്ടിക തികയ്‌ക്കുകയും ചെയ്‌തു. മത്സരത്തിന്‍റെ ഏഴാം മിനിട്ടില്‍ വിനീഷ്യസ് ജൂനിയറാണ് ഗോള്‍ വേട്ടയ്‌ക്ക് തുടക്കമിട്ടത്. പിന്നാലെ നെയ്‌മര്‍, റിച്ചാര്‍ലിസണ്‍, ലൂയിസ് പക്വെറ്റ എന്നിവരും കൊറിയന്‍ വല കുലുക്കി.
രണ്ടാം പകുതിയില്‍ പൈക് സിയുങ് ഹോയാണ് കൊറിയയുടെ ആശ്വാസ ഗോള്‍ നേടിയത്. 1998ന് ശേഷം ഒരു ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ ബ്രസീൽ ആദ്യമായാണ് നാല് ഗോളുകൾ നേടുന്നത്. കൊറിയയ്‌ക്കെതിരായ വിജയത്തോടെ ഖത്തറില്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യം വയ്‌ക്കുന്നില്ലെന്ന സന്ദേശം തന്നെയാണ് ടിറ്റെയുടെ സംഘം എതിരാളികള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പ്.
മത്സര ശേഷം സൂപ്പര്‍ താരം നെയ്‌മര്‍ ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്‌തു. "ഖത്തറില്‍ ഞങ്ങൾ കിരീടം സ്വപ്നം കാണുന്നു, അത് വ്യക്തമാണ്. പക്ഷേ പടിപടിയായി മാത്രമേ ഞങ്ങള്‍ക്ക് അതിലേക്ക് എത്താനാവൂ" - നെയ്‌മര്‍ പറഞ്ഞു.