ലോറിസ് കരിയസ്.. ഫുട്‌ബോൾ ആരാധകർ അത്ര പെട്ടന്ന് മറന്നു പോകാൻ സാധ്യതയില്ലാത്ത പേരാണിത്. 2017- 18 യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലില്‍ ഗോൾ ബാറിന് കീഴില്‍ രണ്ട് പിഴവുകൾ. ആ പിഴവുകളില്‍ ലിവർപൂളിന് നഷ്‌ടമായത് ചാമ്പ്യൻസ് ലീഗ് കിരീടമാണ്. റയൽ മാഡ്രിഡിനെതിരായ തോൽവിക്ക് ശേഷം കീവിൽ തങ്ങളെ പിന്തുണയ്ക്കാനെത്തിയ ആരാധക വൃന്ദത്തോട് കരഞ്ഞുകുതിർന്ന മുഖവുമായി കൈകൂപ്പി മാപ്പ് പറഞ്ഞ ലോറിസ് കരിയസ്. ലിവർപൂൾ ആരാധകർ കയ്യടികളോടെ ആശ്വാസമേകിയെങ്കിലും ടീമിനൊപ്പം താരത്തിന്‍റെ അവസാന മത്സരമായിരുന്നു അത്. കരിയസിന്‍റെ കരിയറില്‍ എന്നും മറക്കാൻ ആഗ്രഹിക്കുന്ന ആ മത്സരം കഴിഞ്ഞിട്ട്, 5 വർഷങ്ങൾ പിന്നിട്ടു.
പ്രതീക്ഷ അവസാനിച്ചിട്ടില്ല: ഇംഗ്ലണ്ടില്‍ ഇനിയൊരു മത്സരത്തിന് സാധ്യതയില്ലെന്ന് കരുതിയ കരിയസിന് ആശ്വാസമേകുന്ന വാക്കുകളാണ് ന്യൂ കാസിൽ യുണൈറ്റഡ് പരിശീലകൻ എഡ്വീ ഹോവ് നല്‍കിയത്. ഇഎഫ്‌എൽ കപ്പ് ഫൈനലിൽ വിശ്വവിഖ്യാതമായ വെംബ്ലി സ്റ്റേഡിയത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടുന്ന ന്യു കാസിൽ ടീമിന്‍റെ ആദ്യ ഗോൾകീപ്പറായി കരിയസിനെ തന്നെ പരിശീലകൻ എഡ്വീ ഹോവ് കളത്തിലിറക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ 728 ദിവസത്തിന് ശേഷം തന്‍റെ ആദ്യ മത്സരത്തിന് കളത്തിലിറങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് 29-കാരനായ ഗോൾ കീപ്പർ. '29 കാരനായ കരിയസിന് തന്‍റെ കരിയറിലെ കറുത്ത അധ്യായം മാറ്റിയെഴുതാൻ കഴിയും. ആ അധ്യായം എങ്ങനെയായിരിക്കുമെന്ന് ആർക്കറിയാം. അതിനുള്ള ഉത്തരം ഞങ്ങൾ ഞായറാഴ്‌ച വെംബ്ലിയിൽ കണ്ടെത്തും'. എഡ്വീ ഹോവ് വിശദമാക്കി.
പ്രതീക്ഷയുടെ കാരണം: പ്രീമിയർ ലീഗിൽ ലിവർപൂളിനെതിരായ മത്സരത്തിൽ നേരിട്ട് ചുവപ്പ് കാർഡ് വഴങ്ങിയ ഒന്നാം ഗോൾകീപ്പർ നിക് പോപ്പിന് ഫൈനലിൽ ഇറങ്ങാനാകില്ല. ഇതോടെ 54 വർഷങ്ങൾക്ക് ശേഷം അവരുടെ ആദ്യത്തെ മേജർ ട്രോഫി സ്വപ്‌നം കണ്ടിറങ്ങുന്ന ന്യു കാസിലിന് മികച്ച ഗോൾകീപ്പർ ഇല്ലാത്ത സാഹചര്യമാണ്. നിക് പോപ്പിന്‍റെ അഭാവത്തിൽ മാർട്ടിൻ ഡുബ്രാവ്‌കയാണ് ഗോൾവല കാക്കേണ്ടിയിരുന്നത്. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ലോൺ അടിസ്ഥാനത്തിൽ കളിച്ചിരുന്ന താരം യുണൈറ്റിഡിനായി ലീഗ് കപ്പിൽ കളിച്ചിരുന്നു. ഇതോടെ ന്യു കാസിലിനായി ഡുബ്രാവ്‌കയ്‌ക്കും ഇറങ്ങാനാകില്ല. മൂന്നാം ഗോൾകീപ്പറായിരുന്ന കാൾ ഡർലോ ചാമ്പ്യൻഷിപ്പ് ടീമായ ഹൾ സിറ്റിയിൽ ലോണിലാണ്. ഇതോടെയാണ് ലോറിസിന് സാധ്യത ഉയർന്നത്.
ഓർമയിലെന്നും ആ മത്സരം: റയലിനെതിരായ ചാമ്പ്യൻസ് ലീഗ് ഫൈനലിലെ തോൽവിക്ക് പിന്നാലെ കരിയസിന് പകരക്കാരനായി റോമയിൽ നിന്നും ബ്രസീലിയൻ ഗോൾകീപ്പർ അലിസൺ ബക്കറെ ലിവർപൂൾ ടീമിലെത്തിച്ചു. തുടർന്നിങ്ങോട്ടുള്ള 5 വർഷത്തെ കരിയറിലത്രയും കീവിലെ പിഴവുകൾ കരിയസിനെ വേട്ടയാടിക്കൊണ്ടിരുന്നു. ലിവർപൂളിൽ സ്ഥാനം നഷ്‌ടമായതോടെ തുർക്കി ക്ലബ് ബെസിക്‌റ്റാസിലും ജർമ്മൻ ക്ലബായ യൂണിയൻ ബെർലിനിലും ലോൺ കരാർ അടിസ്ഥാനത്തിൽ കളിച്ച കരിയസിന് അത്ര ഫോമിലെക്കെത്താനായില്ല.