ന്യൂഡൽഹി :ജാവലിൻ ത്രോയിൽ ഒളിമ്പിക്‌സ് സ്വർണമെഡൽ ജേതാവായ നീരജ് ചോപ്ര ഡയമണ്ട് ലീഗിന് മുന്നോടിയായി തന്‍റെ പരിശീലനം തുർക്കിയിൽ നിന്ന് ഫിൻലൻഡിലേക്ക് മാറ്റും. നിലവിൽ തുർക്കിയിലെ ഗ്ലോറിയ സ്‌പോർട്‌സ് അരീനയിൽ പരിശീലനം നടത്തുന്ന നീരജ് ഫിൻലൻഡിലെ കുർട്ടേൻ ഒളിമ്പിക് പരിശീലന കേന്ദ്രത്തിൽ ജൂൺ 22 വരെയാണ് പരിശീലിക്കുക. ജൂൺ 14 ന് ഫിൻലൻഡിലെ ടുർക്കുവിൽ നടക്കുന്ന പാവോ നൂർമി ഗെയിംസിലും താരം പങ്കെടുക്കും.
ഡയമണ്ട് ലീഗിന് മുന്നോടിയായി പരിശീലനത്തിനായി നീരജ് ചോപ്ര ഫിൻലൻഡിലേക്ക്
ടോക്കിയോ ഒളിമ്പിക്‌സിൽ സ്വർണം നേടിയ നീരജ്, 10 മാസത്തിന് ശേഷം പാവോ നൂർമി ഗെയിംസിലാണ് ആദ്യമായി കളത്തിലിറങ്ങുന്നത്
'സർക്കാരിന്‍റെ ടാർഗെറ്റ് ഒളിമ്പിക് പോഡിയം സ്‌കീം (ടോപ്‌സ്) നാലാഴ്‌ചത്തെ പരിശീലന ക്യാമ്പിന് അനുമതി നൽകിയിട്ടുണ്ടെന്നും ഇതിനായി കായിക മന്ത്രാലയത്തിന് ഏകദേശം 9.8 ലക്ഷം രൂപ ചിലവ് വരും. കുർട്ടേനിൽ നിന്ന്, നീരജ് പിന്നീട് ടുർക്കുവിൽ നടക്കുന്ന പാവോ നൂർമി ഗെയിംസിലും തുടർന്ന് സ്റ്റോക്ക്ഹോമിലെ ഡയമണ്ട് ലീഗിലും പങ്കെടുക്കും' സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) പറഞ്ഞു. നീരജിന്‍റെയും പരിശീലകൻ ക്ലോസ് ബാർട്ടോണിയറ്റിന്‍റെയും യാത്ര, താമസം, പരിശീലനം, പ്രാദേശിക യാത്രകൾ, മറ്റ് ചെലവുകൾ എന്നിവയ്‌ക്ക് വേണ്ടിയാണ് ഇത്രയും തുക ചെലവ് വരുന്നത്.
ടോക്കിയോ ഒളിമ്പിക്‌സിൽ 87.58 മീറ്റർ എറിഞ്ഞ് സ്വർണം നേടിയ നീരജ്, 10 മാസത്തിന് ശേഷം പാവോ നൂർമി ഗെയിംസിലാണ് ആദ്യമായി കളത്തിലിറങ്ങുന്നത്. യുഎസ്‌എയിലെ യൂജിനിൽ ജൂലൈ 15-24 വരെ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിന് മുന്നോടിയായി ജൂൺ 30 ന് സ്റ്റോക്ക്‌ഹോമിൽ നടക്കുന്ന ടോപ്പ്-ഫ്ലൈറ്റ് ഡയമണ്ട് ലീഗിലും പങ്കെടുക്കാൻ അദ്ദേഹം പദ്ധതിയിടുന്നു.