ന്യൂഡൽഹി : ടോക്കിയോ ഒളിമ്പിക്‌സിലെ സ്വർണമെഡൽ നേട്ടത്തിന് പിന്നാലെ തന്‍റെ മറ്റൊരു സ്വപ്‌നം കൂടി സാക്ഷാത്‌കരിച്ച് ഇന്ത്യയുടെ ഗോൾഡൻ ബോയ് നീരജ് ചോപ്ര. വിമാനത്തിൽ കയറണമെന്ന തന്‍റെ അച്ഛനമ്മമാരുടെ സ്വപ്‌നം യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് 23 കാരനായ താരം.
'എന്‍റെ ഒരു ചെറിയ സ്വപ്‌നം ഇന്ന് യാഥാർഥ്യമായി', അച്ഛൻ സതീഷ് കുമാറിനെയും അമ്മ സരോജ് ദേവിയെയും ആദ്യമായി വിമാനത്തിൽ കയറ്റിയ ചിത്രം പങ്കുവച്ചുകൊണ്ട് നീരജ് ട്വിറ്ററിൽ കുറിച്ചു. നീരജിന്‍റെ പോസ്റ്റിന് ഇതിനകം വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
ഹരിയാനയിലെ പാനിപത്തിലുള്ള കർഷക കുടുംബത്തിലാണ് നീരജ് ജനിച്ചത്. ടോക്കിയോ ഒളിമ്പിക്‌സില്‍ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ 87.03 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ് സുവര്‍ണ ചരിത്രം കുറിച്ചത്. ഇതോടെ ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്‌ലറ്റ് എന്ന അപൂര്‍വ നേട്ടവും നീരജ് സ്വന്തമാക്കി.
ALSO READ:'അവസാന മത്സരത്തിലെന്നപോല്‍ പോരാടും'; യുഎസ് ഓപ്പണ്‍ ഫൈനലിനെക്കുറിച്ച് ജോക്കോവിച്ച്
2008ലെ ബീജിങ് ഒളിമ്പിക്‌സില്‍ ഷൂട്ടിംഗില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയ ശേഷം ഇന്ത്യയുടെ ആദ്യ സ്വര്‍ണ നേട്ടവുമാണിത്.