ലുസെയ്‌ന്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്):ലുസെയ്‌ന്‍ (Lausanne) ഡയമണ്ട് ലീഗിലും (Diamond League) വിജയക്കുതിപ്പ് തുടര്‍ന്ന് നീരജ് ചോപ്ര (Neeraj Chopra). സ്വിറ്റ്‌സര്‍ലന്‍ഡിലെ ലുസെയ്‌നില്‍ 87.66 മീറ്റര്‍ ജാവലിന്‍ എറിഞ്ഞാണ് നീരജ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഡയമണ്ട് ലീഗില്‍ നിലവിലെ ചാമ്പ്യനായ നീരജ് ചോപ്രയുടെ ഈ സീസണിലെ രണ്ടാമത്തെ വിജയം കൂടിയാണിത്.
പരിക്കിനെ തുടര്‍ന്ന് ഒരു മാസത്തോളം കളിക്കളത്തില്‍ നിന്നും വിട്ട് നിന്ന നീരജിന്‍റെ മടങ്ങിവരവ് കൂടിയായിരുന്നു ഈ മത്സരം. തിരിച്ചുവരവില്‍ എതിരാളികളുയര്‍ത്തിയ കടുത്ത പോരാട്ടം മറികടക്കാന്‍ നീരജിന് സാധിച്ചു. തന്‍റെ അഞ്ചാം ഊഴത്തിലായിരുന്നു നീരജ് 87.66 മീറ്റര്‍ ദൂരത്തില്‍ ജാവലിന്‍ എറിഞ്ഞത്.
ജൂലിയന്‍ വെബറാണ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തത്. 87.03 മീറ്റര്‍ ദൂരത്തില്‍ ജാവലിന്‍ എത്തിക്കാന്‍ ജര്‍മ്മന്‍ താരത്തിന് സാധിച്ചു. 86.13 മീറ്റര്‍ എറിഞ്ഞ ചെക്ക് റിപ്പബ്ലിക്കിന്‍റെ യാക്കൂബ് വാല്‍ഡെജെയാണ് മൂന്നാമന്‍.
ഫൗളോടെ ആയിരുന്നു നീരജ് മത്സരം തുടങ്ങിയത്. രണ്ടാം ശ്രമത്തില്‍ ഇന്ത്യന്‍ താരത്തിന് 83.5 മീറ്റര്‍ ദൂരത്തില്‍ ജാവലിന്‍ എത്തിക്കാനായി. അല്‍പം കൂടി മെച്ചപ്പെട്ടതായിരുന്നു മൂന്നാമത്തെ ത്രോ.
ഈ അവസരത്തില്‍, 85.04 മീറ്റര്‍ ദൂരമാണ് നീരജ് കണ്ടെത്തിയത്. നാലാമത്തെ ത്രോയും ഫൗള്‍ ആയി മാറിയിരുന്നു. പിന്നാലെയാണ് നീരജ് ലുസെയ്‌നില്‍ 87.66 മീറ്ററിലേക്ക് ജാവലിന്‍ എറിഞ്ഞ് വിജയ ദൂരം കണ്ടെത്തിയത്.
കഴിഞ്ഞ വര്‍ഷവും ലുസെയ്‌നില്‍ നടന്ന ഡയമണ്ട് ലീഗ് പോരാട്ടത്തില്‍ ഒന്നാം സ്ഥാനം നേടാന്‍ നീരജ് ചോപ്രയ്‌ക്ക് സാധിച്ചിരുന്നു. അന്ന്, 89.08 മീറ്റര്‍ ദൂരം ജാവലിന്‍ എറിഞ്ഞായിരുന്നു ചോപ്ര ഡയമണ്ട് ലീഗിലെ ആദ്യ ജയം നേടിയത്. ഇതിന് പിന്നാലെയാണ് സൂറിച്ചില്‍ നടന്ന ഡയമണ്ട് ലീഗ് ഫൈനലിലും താരം വിജയക്കൊടി പാറിച്ചത്.
കഴിഞ്ഞ സെപ്‌റ്റംബറില്‍ നടന്ന മത്സരത്തില്‍ 88.44 മീറ്റര്‍ ദൂരം താണ്ടാന്‍ നീരജിനായിരുന്നു. ഇതോടെ, ഡയമണ്ട് ലീഗ് കിരീടം നേടുന്ന ആദ്യത്തെ ഇന്ത്യന്‍ താരമായും നീരജ് ചോപ്ര മാറിയിരുന്നു.
നിറം മങ്ങി ശ്രീശങ്കര്‍:പാരിസ് ഡയമണ്ട് ലീഗില്‍ നടത്തിയ പ്രകടനം ലുസെയ്‌നില്‍ ആവര്‍ത്തിക്കാനാകാതെ മലയാളി താരം എം ശ്രീശങ്കര്‍ (M Sreeshankar). പുരുഷ ലോങ്‌ജംപില്‍ മത്സരിച്ച താരം അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്‌തത്. പാരിസില്‍ മൂന്നാം സ്ഥാനത്തായിരുന്നു താരം.
പാരിസില്‍ 8.09 മീറ്റര്‍ ദൂരം ചാടിയ ശ്രീശങ്കറിന് ലുസെയ്‌നില്‍ ഒരു അവസരത്തില്‍ പോലും എട്ട് മീറ്റര്‍ ദൂരം കണ്ടെത്താനായില്ല. ഇന്നലെ 7.88 മീറ്ററായിരുന്നു ശ്രീശങ്കറിന് ചാടാനായത്. മൂന്നാം ശ്രമത്തിലാണ് താരം മത്സരത്തിലെ മികച്ച ദൂരം താണ്ടിയത്.
മത്സരത്തില്‍ 8.11 മീറ്റര്‍ ദൂരം ചാടിയ ബഹ്‌റൈന്‍ താരം നയീന്‍ ലാഖ്വാനാണ് ഒന്നാം സ്ഥാനത്തെത്തിയത്. ഒളിമ്പിക് ചാമ്പ്യന്‍ ഗ്രീസിന്‍റെ മിൽത്തിയാദിസ് തെന്‍റഗ്രൂ 8.07 മീറ്റര്‍ ദൂരം ചാടി രണ്ടാം സ്ഥാനത്തുമെത്തി.
Also Read :ചരിത്രനേട്ടത്തില്‍ വീണ്ടും ഇന്ത്യന്‍ 'ഗോള്‍ഡന്‍ ബോയ്'; ലോക ജാവലിന്‍ ത്രോ റാങ്കിങ്ങില്‍ നീരജ് ചോപ്ര ഒന്നാമത്